ഡൊണാൾഡ് ട്രംപ് പറയുമ്പോൾ അമേരിക്കയിൽ കൊണ്ടുവന്ന് തരുന്നതല്ല നോബേൽ സമ്മാനം; സമ്മർദങ്ങൾക്ക് വഴങ്ങാത്ത ഒരു കമ്മിറ്റിയാണ് അത് തീരുമാനിക്കുന്നത്

ഇത്തവണ സമാധാനത്തിനുള്ള നൊബേൽ സമ്മാനം കിട്ടുമെന്ന പ്രതീക്ഷയിൽ ആയിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇപ്പോളും ആ പ്രതീക്ഷ പൂർണ്ണമായും അസ്തമിച്ചിട്ടില്ല. അവാർഡ് പ്രഖ്യാപനത്തിന് ഇനി രണ്ടു ദിവസം കൂടിയേ ബാക്കിയുള്ളൂ.
എന്നാൽ ട്രംപ് ഇപ്പോൾ പറയുന്നത്, ലോകത്തെ വിവിധ യുദ്ധങ്ങളും സംഘര്‍ഷങ്ങളും ഒക്കെ അവസാനിപ്പിക്കാനുള്ള തന്റെ ശ്രമങ്ങളെ അവഗണിച്ച് കൊണ്ട് , ‘ഒന്നും ചെയ്യാത്ത ആര്‍ക്കെങ്കിലും’ ഇത്തവണ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കുമെന്നാണ്. ഇന്ത്യ പാകിസ്ഥാൻ സംഘർഷം മുതൽ ഇസ്രായേല്‍-ഹമാസ് യുദ്ധം ഉള്‍പ്പെടെ എട്ട് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചതായി ട്രംപ് അവകാശപ്പെടുന്നു.
തനിക്ക് പുരസ്കാരം നല്‍കാതിരിക്കുന്നത് ‘നമ്മുടെ രാജ്യത്തിന് വലിയ അപമാനമായിരിക്കും’ എന്ന് പറഞ്ഞ അദ്ദേഹം, തനിക്കായിട്ട് പുരസ്കാരം വേണ്ടെന്നും വ്യക്തമാക്കി: ‘എനിക്കിത് വേണ്ട. എന്നാൽ രാജ്യത്തിന് ഇത് ലഭിക്കണം. എന്നാണ് ട്രംപ് പറയുന്നത്.
ഒക്ടോബര്‍ പത്തിനാണ് സമാധാന നൊബേല്‍ പ്രഖ്യാപിക്കുന്നത്. ഇറക്കുമതിത്തീരുവയെ ക്കുറിച്ച് ജൂലായ് അവസാനം നോര്‍വേ ധനമന്ത്രിയുമായി ഫോണില്‍ സംസാരിച്ച സമയത്ത് നൊബേല്‍ സമ്മാനമെന്ന ആവശ്യം ട്രംപ് ഉന്നയിച്ചെന്ന് നോര്‍വീജിയന്‍ പത്രം റിപ്പോര്‍ട്ടു ചെയ്തിരുന്നു.
പാകിഷനും ഇസ്രയേലും കമ്പോഡിയയും ഒക്കെ ട്രംപിന് നോബൽ സമ്മാനം നൽകണമെന്ന് ആവശ്യപ്പെടുന്നവരാണ്.
അതേ സമയം സമാധാനത്തിനുള്ള നൊബേല്‍സമ്മാനം വേണമെന്ന ട്രംപിന്റെ സമ്മര്‍ദത്തില്‍ കുലുങ്ങില്ലെന്നാണ് നൊബേല്‍ കമ്മിറ്റിയുടെ നിലപാട്. ”ചില പ്രത്യേക സ്ഥാനാര്‍ഥികള്‍ക്കുകിട്ടുന്ന മാധ്യമശ്രദ്ധ ഞങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ, അത് കമ്മിറ്റിയുടെ ചര്‍ച്ചകളെ സ്വാധീനിക്കില്ല. നാമനിര്‍ദേശം ലഭിക്കുന്ന ഓരോ വ്യക്തിയുടെയും യോഗ്യതകളാണ് കമ്മിറ്റി പരിഗണിക്കുന്നത്” -എന്നാണ് സെക്രട്ടറി ക്രിസ്റ്റ്യന്‍ ബെര്‍ഗ് ഹാര്‍പ്വികെന്‍ പറയുന്നത്.
ട്രംപിന്റെ മുന്‍ഗാമിയും, ശത്രുവിനെ പോലെ കാണുകയും ചെയ്യുന്ന ബറാക് ഒബാമയ്ക്ക് അധികാരത്തിൽ കേറിയ ആദ്യവര്‍ഷംതന്നെ നൊബേല്‍ സമ്മാനം കിട്ടിയിരുന്നു. ആണവ കരാറുകളും, മറ്റ് രാജ്യങ്ങളുമായുള്ള സൗഹൃദങ്ങളും, ഇസ്ലാമിക രാജ്യങ്ങളെ അടുപ്പിച്ചതും ഒക്കെയാണ് ഒബാമയെ അതിന് അർഹനാക്കിയത്. എന്നാൽ അതിന് ഒബാമ അര്ഹനല്ലെന്നു കരുതുന്നയാളാണ് ട്രംപ്.
ജൂണ്‍ മാസത്തിൽ ഇറാനും ഇസ്രയേലും തമ്മില്‍ വ്യോമയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ദിവസങ്ങള്‍ക്കകം അതവസാനിച്ചത് താന്‍ ഇടപെട്ടതുകൊണ്ടാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. കിഴക്കന്‍ ആഫ്രിക്കയില്‍ റുവാണ്ടയും കോംഗോ ജനാധിപത്യ റിപ്പബ്ളിക്കും തമ്മിലും, തെക്കു കിഴക്കന്‍ ഏഷ്യയില്‍ തായ്ലന്ഡും കംബോഡിയയും തമ്മിലുമുളള അതിര്‍ത്തിത്തര്‍ക്കം അവസാനിപ്പിക്കുന്നതിലും താന്‍ നിര്‍ണായക പങ്ക് വഹിച്ചതായി അദ്ദേഹം അവകാശപ്പെടുന്നു.
എന്നാൽ ട്രംപ് വിചാരിക്കുന്നത് പോലെ എളുപ്പമല്ല നോബൽ സമ്മാനത്തിലേക്കുള്ള വഴികൾ. പ്രത്യേകിച്ച് സമാധാനത്തിന്റെ കാര്യത്തിൽ. സമാധാനത്തിനുള്ള പുരസ്കാരം വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകാറുണ്ട്. ബാക്കിയെല്ലാ പുരസ്കാരങ്ങളും വ്യക്തികൾക്കു മാത്രമേ നൽകാറുളളൂ.
വിവിധ അക്കാദമികളും ഇൻസ്റ്റിറ്റ്യൂട്ടുകളുമാണ് സമ്മാനാർഹരെ തിരഞ്ഞെടുക്കുന്നത്.
ഊർജതന്ത്രം, രസതന്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളിൽ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണ് ജേതാക്കളെ തിരഞ്ഞെടുക്കുക.
എന്നാൽ നോർവീജിയൻ പാർലമെന്റ് നിയോഗിക്കുന്ന അഞ്ചംഗ നോർവീജിയൻ നൊബേൽ കമ്മിറ്റിയാണ് സമാധാനത്തിനുളള സമ്മാനാർഹരെ കണ്ടെത്തുക.
ആല്‍ഫ്രഡ് നൊബേലിന്റെ വില്പത്രപ്രകാരം, ‘രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സാഹോദര്യം വളര്‍ത്തുന്നതിനും, സ്ഥിരം സൈന്യങ്ങളെ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനും, സമാധാന സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ’ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ ആണ് നൊബേല്‍ സമാധാന പുരസ്കാരം നല്‍കുന്നത്.
നോര്‍വേയുടെ പാര്‍ലമെന്റ് നിയമിക്കുന്ന അഞ്ച് അംഗങ്ങളുള്ള നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി, ദീര്‍ഘമായ അവലോകനത്തിന് ശേഷമാണ് വിജയിയെ തീരുമാനിക്കുന്നത്. ഈ സമിതിക്ക് മുന്നിൽ യാതൊരു വിധ സമ്മർദങ്ങളും വിലപ്പോവില്ലെന്നാണ് ഇതുവരെയുള്ള ചരിത്രം തെളിയിക്കുന്നത്. വിലപേശലും വിരട്ടലും ഭീഷണിയും എന്നുവേണ്ട ഒരു വിധത്തിലുള്ള സമ്മർദവും ഏൽക്കാത്ത ഒന്നാണ് സമാധാനത്തിനുള്ള നോബൽ കമ്മിറ്റി.