3000 അമേരിക്കന്‍ സൈനികര്‍ ഇസ്രയേലിലേക്ക്; ലബനനില്‍ ജനങ്ങളെ ഒഴിപ്പിച്ചു
ഇസ്രയേല്‍-ഹമാസ് യുദ്ധം, ഇപ്പോള്‍ ഇറാന് – ഇസ്രയേല്‍ യുദ്ധമായി മാറിയിരിക്കുന്നു. പശ്ചിമേഷ്യയിലാകെ യുദ്ധം ഭീതി പരത്തിയിരിക്കുന്നു. അതിനിടെ, ആശങ്ക ഉയര്‍ത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
കനത്ത ആക്രമണമാണ് ഹിസ്ബുള്ളയും ഇറാനും ചേര്‍ന്ന് ഇസ്രയേലിലേക്ക് നടത്തുന്നത്. ഇസ്രയേലിനെ വിറപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഇറാന് ആക്രമണം നടത്തിയത്. ഇനിയും ഇറാന് ആക്രമിക്കും എന്നു വ്യക്തമാണ്. അതിനിടയിലാണ്, അമേരിക്കന്‍ സൈനികര്‍ ഇസ്രയേലില്‍ എത്തുന്നു എന്ന വാര്‍ത്ത പുറത്തുവരുന്നത്.
ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ തടയാനാണ് അമേരിക്കന്‍ സൈനികര്‍ ഇസ്രായേലില്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ കഴിയുന്ന വ്യോമപ്രതിരോധ സംവിധാനമായ ടിഎച്ച്എഎഡി പ്രവര്‍ത്തിപ്പിക്കാനാണ് അമേരിക്കന്‍ സൈനികര്‍ ഇസ്രായേലില്‍ എത്തുന്നത്. ഏകദേശം 3000 അമേരിക്കന്‍ സൈനികരായിരിക്കും ഇനി യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുക.
ലെബനനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 50 പാരാമെഡിക്കല്‍ സ്റ്റാഫുകളെങ്കിലും കൊല്ലപ്പെട്ടതായി ഗാര്ഡിയന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്ലാവരും ഹിസ്ബുള്ളയുമായോ മറ്റു ഷിയാ അനുകൂല സംഘടനകളുമായോ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആരോഗ്യ പരിപാലന സേവനങ്ങളില്‍ പെട്ടവരാണ്.
മെഡിക്കല്‍ ചാരിറ്റിയായ മെഡിസിന്‍സ് ആന്‍സ് ഫ്രോണ്ടിയേഴ്സ് കഴിഞ്ഞയാഴ്ച ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള ക്ലിനിക്ക് അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായെന്നും പറയുന്നു. കനത്ത വ്യോമാക്രമണം കാരണം പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സംഘം പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.