ഈ വർഷത്തെ സൂപ്പർമൂൺ ഇന്ന്
ഇന്ന് വെളുത്തവാവ്. ഈ വർഷം ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അടുത്ത് വരുന്ന ദിവസം. നിലാവിന് നല്ല തിളക്കവും ചന്ദ്രനു നല്ല വലുപ്പവും തോന്നിയേക്കാം. ഈ വർഷത്തെ ഏറ്റവും വലുപ്പമേറിയ സൂപ്പർമൂൺ പ്രത്യക്ഷപ്പെടുന്ന ദിവസമാണിത് . തിളക്കമേറിയ ചന്ദ്രബിംബത്തോടൊപ്പം നിലാവിൽ മുങ്ങിക്കുളിച്ച രാത്രിയും ആസ്വദിക്കാം. ആകാശം പൂർണ മേഘാവൃതമായാൽ കാഴ്ചയുടെ ഈ സൗഭാഗ്യം നഷ്ടപ്പെട്ടേക്കാമെന്നതാണു വാനനിരീക്ഷകരെ നിരാശപ്പെടുത്തുന്നത്.
3.85 ലക്ഷം കിലോമീറ്ററാണ് ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ഏകദേശ ദൂരം. ഏതാനും ദിവസത്തേക്ക് 3.57 ലക്ഷം കിലോമീറ്ററായി ഇന്നു മുതൽ കുറയും. രണ്ടു ഗോളങ്ങളും തമ്മിലുള്ള ആകർഷണവും വർധിക്കും. വേലിയറ്റത്തെയും വേലിയിറക്കത്തെയും ഇത് നേരിയ തോതിൽ ബാധിക്കും. മൺസൂൺ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തിരമാലകളുടെ ഉയരവും കാറ്റിനൊപ്പം വർധിച്ചേക്കാമെന്നതിനാൽ തീരത്ത് പോകുന്നവർ ജാഗ്രത പുലർത്തണം.
കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ തിരയേറ്റത്തിന്റെ രൂക്ഷത തുടരാൻ സാധ്യതയുണ്ടെന്ന് ഹൈദരാബാദ് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് അറിയിച്ചിട്ടുണ്ട്. തിരകൾക്ക് 3.9 മീറ്റർ വരെ ഉയരം വയ്ക്കാം. ബീച്ച് യാത്രയും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണമെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.
രാജ്യാന്തര അസ്ട്രോണോമിക്കൽ യൂണിയൻ സൂപ്പർമൂണിനെ സംബന്ധിച്ച് കൃത്യമായ നിർവചനം നൽകിയിട്ടില്ല. സാധാരണ വെളുത്തവാവായി മാത്രമാണ് ഇതിനെ ചില ശാസ്ത്രജ്ഞർ വീക്ഷിക്കുന്നത്. എന്നാൽ സൂപ്പർമൂൺ ദിവസങ്ങളിൽ ചന്ദ്രൻ പതിവിലും 10–14 ശതമാനം വലുപ്പത്തിലും 20–30 ശതമാനത്തോളം തെളിമയാർന്നുമാണ് പ്രത്യക്ഷപ്പെടുകയെന്ന് അമച്വർ വാനനിരീക്ഷകർ പറയുന്നു. എന്നാൽ ഭൂമിയിൽ നിന്ന് ഏറ്റവും അകലെ സൂര്യൻ നിൽക്കുന്ന സമയമാണെന്ന പ്രത്യേകതയുമുണ്ട്. ഈ പ്രതിഭാസം അറിയപ്പെടുന്നത് അഫേലിയോൺ എന്നാണ്.
Content Highlights – Supermoon, Brightest Supermoon, July