ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത മഴ: കൊച്ചിയില്‍നിന്നുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി
ഗള്‍ഫ് രാജ്യങ്ങളിലെ കനത്ത മഴയെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഗള്‍ഫിലേയ്ക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി.
ഫ്ലൈ ദുബായുടെയും എമിറേറ്റ്സ് എയർലൈൻസിൻ്റെയും കൊച്ചി – ദുബായ് സർവീസ്, ഇൻഡിഗോയുടെ കൊച്ചി – ദോഹ സർവീസ്, എയർ അറേബ്യയുടെ കൊച്ചി – ഷാർജ സർവീസ് എന്നിവയാണ് റദ്ദാക്കിയത്. ഏതാനും സർവീസുകള്‍ വൈകിയിട്ടുമുണ്ട്.
യു.എ.ഇ., ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലർച്ചയോടെയാണ് ശക്തിപ്രാപിച്ചത്. ബുധനാഴ്ചയും മഴ തുടരാനാണ് സാധ്യതയെന്ന് വിവിധ കാലാവസ്ഥാകേന്ദ്രങ്ങള്‍ അറിയിച്ചു. വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഒട്ടേറെ വാഹനങ്ങള്‍ ഒഴുകിപ്പോയി. കെട്ടിടാവശിഷ്ടങ്ങളും മറ്റും വീണ് വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. പലയിടങ്ങളിലും റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നു. സ്കൂള്‍പഠനം ഓണ്‍ലൈനാക്കിയിരിക്കുകയാണ്.
സർക്കാർ-സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ച മണിക്കൂറില്‍ 70 കിലോമീറ്റർ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് പ്രവചനം. ദുബായ്, അബുദാബി തീരപ്രദേശങ്ങളിലെല്ലാം കാറ്റ് ശക്തമായിരുന്നു. ഒമാനിലെ പേമാരിയില്‍ 18 പേരാണ് ഇതുവരെ മരിച്ചത്. ഇതില്‍ 10 പേർ സ്കൂള്‍വിദ്യാർഥികളാണ്.
ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്.