മുംബൈയില്‍ കനത്ത മഴ, പലയിടത്തും വെള്ളം കയറി; റോഡ്-റെയില്‍ ഗതാഗതം സ്തംഭിച്ചു

കനത്ത മഴ തുടരുന്ന മുംബൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ എല്ലാം വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമാകുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ പെയ്ത മഴ മുംബൈയിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും പ്രധാന റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമായി. ഇത് നഗരത്തിലുടനീളം വലിയ ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തു.
പുലര്‍ച്ചെ ഒരു മണി മുതല്‍ രാവിലെ ഏഴ് മണി വരെ നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. അന്ധേരി, കുര്‍ള, ഭാണ്ഡൂപ്പ്, കിംഗ്സ് സര്‍ക്കിള്‍, വിലെ പാര്‍ലെ, ദാദര്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ ഗണ്യമായ അളവില്‍ മഴ പെയ്തു. കനത്ത മഴയില്‍ ചില താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകുകയും സബര്‍ബന്‍ റെയില്‍ സേവനങ്ങള്‍ തടസപ്പെടുകയും ചെയ്തു എന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് പറഞ്ഞു.