സംസ്ഥാനത്ത് ഇന്നും മഴ, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഇന്നും മഴ തുടരാൻ സാധ്യത. ഇന്ന് മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുകൾ നിലവിലുള്ളത്. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക മുന്നറിയിപ്പുകൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിൽ ശക്തമായ മഴ തന്നെ ലഭിച്ചിരുന്നു.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരളത്തിൽ ഫെബ്രുവരി 25 വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.












