ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; മരണം 50 കടന്നു
കടുത്ത ഉഷ്ണതരംഗത്തില്‍ ഉത്തരേന്ത്യയില്‍ മരിച്ചവരുടെ എണ്ണം 50 കടന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 10 ഉദ്യോഗസ്ഥരടക്കം 18 പേർ ബിഹാറിലും ജാർഖണ്ഡലുമായി 24 മണിക്കൂറിനിടെ മരിച്ചു.
ഇന്ന് 13 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഉത്തർപ്രദേശില്‍ ഇന്നലെ 15 പോളിങ് ഉദ്യോഗസ്ഥരാണു മരിച്ചത്. മിർസപ്പുരില് 13 പേരും സോൻഭദ്രയില്‍ 2 പേരും മരിച്ചു. ബിഹാറില്‍ ഇന്ന് വോട്ടെടുപ്പു നടക്കുന്ന സസാറാം, ആറ, കാരാക്കട്ട് മണ്ഡലങ്ങളില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് മരിച്ചത്. ബക്സറില് 47.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു കഴിഞ്ഞ ദിവസം താപനില.
യുപിയിലെ മിർസപ്പുരില് മരിച്ചവരില്‍ ഉയർന്ന രക്തസമ്മർദവും പനിയും കണ്ടെത്തിയിരുന്നു. 23 പേർ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്. ഒഡീഷയില്‍ കഴിഞ്ഞ ദിവസങ്ങളിലായി 5 പേരാണ് മരിച്ചത്. സൂര്യാഘാതമെന്നു സംശയിക്കുന്ന 18 മരണങ്ങള് കൂടിയുണ്ട്. മധ്യപ്രദേശിലെ ഗ്വാളിയറില്‍ സഹോദരങ്ങള്‍ മരിച്ചത് സൂര്യാഘാതമേറ്റെന്നു സംശയിക്കുന്നു. രാജസ്ഥാനില്‍ 5 പേർ മരിച്ചു.