മുംബൈയിൽ ഗതാഗതം നിശ്ചലം, ഓഫീസുകള്‍ക്ക് അവധി; 48 മണിക്കൂര്‍ നിര്‍ണായകം

കനത്ത മഴയില്‍ മുങ്ങി മുംബൈ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായി തുടരുന്ന മഴ കനത്ത നാശം വിതച്ചു. ആറ് പേര് മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. നൂറ് കണക്കിനാളുകളെ മാറ്റി പാര്‍പ്പിച്ചു. മുഖ്യമന്ത്രി ഫഡ്നാവിസ് സ്ഥിതിഗതികള്‍ വിലയിരുത്തി. അടുത്ത 48 മണിക്കൂര്‍ മുംബൈ, താനെ, റായ്ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ് ജില്ലകള്‍ക്ക് നിര്‍ണായകമായിരിക്കുമെന്നും ഈ ജില്ലകള്‍ അതീവ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ രാത്രി മുഴുവന്‍ കനത്ത മഴ തുടര്‍ന്നതിനാല്‍ മുംബൈയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളക്കെട്ടിനെ തുടര്‍ന്ന് സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടി വന്നു. മഴയേത്തുടര്‍ന്ന് നഗരസഭാ പരിധിയിലുള്ള അടിയന്തര സേവനങ്ങള്‍ ഒഴികേയുള്ള എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു.