8000 കോടിയുടെ ബിറ്റ്കോയിൻ വെയ്സ്റ്റ് ബക്കറ്റിൽ എറിഞ്ഞയാൾ മാലിന്യക്കൂമ്പാരത്തിൽ തിരയുന്നു; എന്നാൽ ലോകം തിരയുന്നത് ഇന്നേവരെ കാണാത്ത ബിറ്റ്കോയിൻ മുതലാളി സതോഷി നകാമോട്ടോയെ

പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ്, അതായത് 2013 ൽ സൗത്ത് വെയിൽസിലെ ന്യൂപോർട്ടിൽ ഐടി എൻജിനീയറായിരുന്നു ജെയിംസ് ഹോവൽസ്. ഓഫീസ് ബിൽഡിങ്ങിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്ത് ഇയാൾ ഒരു ഹാർഡ് ഡിസ്ക് എടുത്തു വലിച്ചെറിഞ്ഞു.അതിൽ 8000 ബിറ്റ്കോയിനുകൾ അടങ്ങിയിരുന്നു എന്ന കാര്യം പെട്ടെന്ന് അയാൾ ഓർത്തതുമില്ല.
ഇന്ന് ആ ബിറ്റ് കോയിനുകളുടെ വില 950 മില്യൺ ഡോളറാണ്. പക്ഷെ ആ ഹാർഡ് ഡ്രൈവ് ഇതുവരെ കണ്ടെത്താനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ആദ്യകാലത്ത്, സ്വാഭാവികമായും ബിറ്റ്കോയിന്റെ മൂല്യം വളരെ കുറവായിരുന്നു. പല കംപ്യൂട്ടർ എൻജിനീയർമാരും സ്വന്തമായി മൈൻ ചെയ്തും ബിറ്റ്കോയിനുകൾ സൃഷ്ടിച്ചിരുന്നു. ഐടി എൻജിനീയറായ ഹൊവൽസും ബിറ്കോയിനുകൾ വാങ്യിരുന്നു.അതായിരുന്നു ആ ഹാർഡ് ഡിസ്കിലുണ്ടായിരുന്നത്.
എന്നാൽ ഇയാൾ അറിയാതെ ചവറ്റുകൊട്ടയിൽ എറിഞ്ഞ ഡിസ്ക്, അതവിടെനിന്ന് മുനിസിപ്പാലിറ്റി ജീവനക്കാർ ശേഖരിക്കുകയും ന്യൂപോർട്ട് എന്ന സ്ഥലത്തെ ഒരു മാലിന്യസംസ്കരണ മേഖലയിലെത്തിക്കുകയും ചെയ്തു. മാലിന്യമിട്ടു നികത്തി, താഴ്ന്ന ഭൂയോമി നിരപ്പാക്കുന്ന സ്ഥലമായിരുന്നു അത്. അതിലേക്ക് ഇട്ട മാലിന്യങ്ങളിൽ ആ ഹാർഡ് ഡിസ്കും പെട്ടിരുന്നു.
പിന്നീട് ബിറ്റ്കോയിന്റെ മൂല്യം കുതിച്ചുയർന്നു. താൻ കാണിച്ച മണ്ടത്തരത്തിൽ ആകെ നിരാശനായ ഹോവെൽസ് ആ മാലിന്യമേഖല ഖനനം ചെയ്യാനും തന്റെ ഹാർഡ് ഡിസ്ക് എടുക്കാനും സഹായിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ ഭരണസമിതിയെ സമീപിച്ചു.
എന്നാൽ പാരിസ്ഥിതികമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഭരണസമിതി ഈ ആവശ്യം നിരാകരിച്ചു. ഇപ്പോൾ ഏതാണ്ട് 8665 കോടി രൂപ മൂല്യമുള്ള ആ കോയിൻസ് തിരിച്ചെടുത്താൽ, അതിന്റെ 30 ശതമാനം വരെ നൽകാമെന്നുള്ള ഹോവെൽസിന്റെ ഓഫറും ഭരണസമിതി പരിഗണിച്ചില്ല. 12 വർഷമായി ഹോവെൽസ്, തന്റെ ബിറ്റ്കോയിൻ തിരിച്ചുകിട്ടാനുള്ള നിയമപ്പോരാട്ടം തുടരുകാണ്.
ക്രിപ്റ്റോ കറൻസികളിലെ രാജാവ് അന്നുമിന്നും ബിറ്റ്കോയിൻ തന്നെയാണ്. ക്രിപ്റ്റോ കറൻസിയുടെ യുഗം ഈ ലോകത്തു തുടങ്ങിയതും ബിറ്റ്കോയിനിലൂടെയാണ്.
ഏറ്റവും ആദ്യത്തെ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിനിന്റെ സ്രഷ്ടാവാണ് സതോഷി നകാമോട്ടോ. 2008-ല്‍ ബിറ്റ്കോയിന് വൈറ്റ്പേപ്പര്‍ പുറത്തിറക്കിയതും 2009-ല്‍ ആദ്യത്തെ ബിറ്റ്കോയിന് ബ്ലോക്ക് രൂപീകരിച്ചതും ‘സതോഷി നകാമോട്ടോ’ എന്ന പേരിലാണ്. സതോഷിയുടെ കൈവശമുള്ള 1.096 മില്യണ്‍ ബിറ്റ്കോയിനുകളാണ് അദ്ദേഹത്തെ സമ്പന്നൻ ആക്കുന്നത്.
എന്നാൽ ആരാണ് സതോഷി നകാമോട്ടോ എന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരമില്ല. ഒന്നര പ്പതിറ്റാണ്ടിലേറെ കാലമായി ലോകത്തെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നാണ് ഇക്കാര്യം. അതൊരു വ്യക്തിയാണോ? ഒരുകൂട്ടം ആളുകളാണോ? ഒരു പ്രസ്ഥാനമാണോ? ആര്‍ക്കും ഒന്നും അറിയില്ല.
എന്തായാലും ആ പേരിന് പിന്നിലുള്ള ആൾ ലോകത്തെ ഏറ്റവും വലിയ ധനികരിൽ ഒരാളാണ്. ചില വെബ്സൈറ്റുകള്‍ പ്രകാരം സതോഷി നകാമോട്ടോയുടെ ആസ്തി 130 ബില്യണ്‍ ഡോളറിനും മുകളിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി 106 ബില്യണ്‍ ഡോളറാണെന്ന് കൂടി ഓര്‍ക്കുക.
നാകമോട്ടോ എന്നയാൾ സാക്ഷാല്‍ ഇലോണ്‍ മസ്ക് ആണെന്നും ഒരു പ്രചാരണം ഉണ്ടായിരുന്നു. ക്രിപ്റ്റോ കറന്‍സിയും ബിറ്റ്കോയിനുമെല്ലാം ഇലോണ്‍ മസ്കിന്റെ തട്ടിപ്പ് പരിപാടികളാണെന്നും ഇതെല്ലാം നിയന്ത്രിക്കുന്നതും ഈ സമ്പത്തെല്ലാം എത്തുന്നതും മസ്കിലേക്കാണെന്നും ഇപ്പോഴും വിശ്വസിക്കുന്നവരും നിരവധിയാണ്.
സതോഷി ആരാണെന്ന് കണ്ടെത്താന്‍ ഒരുപാട് അന്വേഷണങ്ങളും നടന്നിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള ഡോക്യുമെന്ററികളും പുസ്തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. എങ്കിലും ആരാണ് സതോഷി നകാമോട്ടോ എന്നു കണ്ടെത്താനോ തെളിയിക്കാനോ ആർക്കും സാധിച്ചിട്ടില്ല.
ബിറ്റ്കോയിന് നിര്‍മ്മിച്ച വ്യക്തിയോ അല്ലെങ്കില്‍ ഒരു കൂട്ടം വ്യക്തികളോ സ്വീകരിച്ച കള്ളപ്പേരാണ് സതോഷി നകാമോട്ടോ. 2008 ജനുവരിയില്‍ ബിറ്റ്കോയിനുമായി ബന്ധപ്പെട്ട വൈറ്റ്പേപ്പര്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് ഈ പേര് ആദ്യമായി ലോകം കേള്‍ക്കുന്നത്. 2009-ലാണ് സതോഷി നകാമോട്ടോ ആദ്യത്തെ ബിറ്റ്കോയിന് മൈന്‍ ചെയ്യുന്നത്.
ക്രിപ്റ്റോ കറന്‍സികള്‍ ലോകത്തിന്റെ ഏത് ഭാഗത്തും കാര്യമായ നിയന്ത്രണങ്ങളൊന്നും ഇല്ലാതെ ഉപയോഗിക്കാം എന്നതാണ് അതിനെ ജനപ്രിയമാക്കുന്നത്. ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ ക്രിപ്റ്റോ കറന്‍സിയാണ് ബിറ്റ്കോയിന്. ഇന്ന് ലോകത്ത് ലഭ്യമായിട്ടുള്ള നാലായിരത്തിലേറെ ക്രിപ്റ്റോ കറന്‍സികളില്‍ ഏറ്റവും ജനപ്രിയവും ബിറ്റ്കോയിനാണ്. ലോകത്ത് ആകെ 21 മില്യണ്‍ ബിറ്റ്കോയിന് മാത്രമേ ഉണ്ടാവുകയുള്ളു എന്നും സതോഷി നകാമോട്ടോ വ്യക്തമാക്കിയിരുന്നു.
2009 മുതല്‍ 2025 ജനുവരി വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 28241 ശതമാനമാണ് ബിറ്റ്കോയിന്റെ വില ഉയര്‍ന്നത്. ഒരുകാലത്ത് ക്രിപ്റ്റോ കറന്‍സികളെ രൂക്ഷമായി വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ളവര്‍ പിന്നീട് ഇതിനെ പുകഴ്ത്തി പറഞ്ഞിരുന്നു.
ആഗോളവ്യാപാരങ്ങളില് ഇപ്പോൾ ഡോളറിനുള്ള മേധാവിത്വം വൈകാതെ ക്രിപ്റ്റോ കറന്‍സികള്‍ നേടുമെന്ന് പ്രവചിക്കുന്നവരും ഒട്ടേറെയാണ്. അതോടൊപ്പം ആഗോള റിസര്‍വ് കറന്‍സിയായി ബിറ്റ്കോയിന് മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.