ഇറാൻറെ സമുദ്രാതിർത്തി കടക്കാൻ അമേരിക്കൻ യുദ്ധക്കപ്പൽ; നീക്കം തടഞ്ഞ് ഇറാൻ നാവികസേനയുടെ ഹെലികോപ്റ്ററുകൾ, വീണ്ടും സംഘർഷം???

ഇറാനിയന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് കൊണ്ട് കടന്ന് വന്ന അമേരിക്കയുടെ യുദ്ധക്കപ്പലിനെ ഇറാന് നാവികസേന തടഞ്ഞതായി റിപ്പോര്‍ട്ട്. ഒമാന്‍ ഉള്‍ക്കടലില്‍ ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാനുള്ള ഈ അമേരിക്കൻ യുദ്ധക്കപ്പലിന്റെ ശ്രമത്തെ ഇറാനിയന്‍ നാവികസേനയുടെ ഹെലിക്കോപ്റ്ററാണ് തടഞ്ഞത്. ഇറാനിയന്‍ സ്റ്റേറ്റ് ടിവി ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നലെ ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിയോടെ സമുദ്രാ അതിർത്തിയിലേക്ക് അടുത്ത യു.എസ്.എസ്. ഫിറ്റ്സ്ജെറാൾഡ് എന്ന അമേരിക്കൻ നാവികസേനയുടെ കപ്പലിനെ നേരിടാൻ ഇറാനിയൻ സൈന്യം ഹെലികോപ്റ്റർ അയച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഹെലികോപ്റ്റർ യു.എസ്. കപ്പലിന് മുകളിലൂടെ പറക്കുകയും സമുദ്രാതിർത്തിയിൽ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പ്രദേശം വിട്ടുപോയില്ലെങ്കിൽ ഇറാനിയൻ വിമാനത്തെ ആക്രമിക്കുമെന്ന് അമേരിക്കൻ യുദ്ധക്കപ്പൽ ഭീഷണിപ്പെടുത്തിയതായും പറയുന്നു. യുദ്ധക്കപ്പലിൽ നിന്ന് നിശ്ചിത അകലം പാലിച്ചില്ലെങ്കിൽ ഇറാനിയൻ വിമാനങ്ങളെ ലക്ഷ്യമിടുമെന്നാണ് യുദ്ധക്കപ്പലിൽ നിന്ന് ഉണ്ടായ ഭീഷണി.
ഈ ഭീഷണിക്ക് മറുപടിയായി ഹെലികോപ്റ്റർ ഇറാന്റെ സംയോജിത വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണെനന്നും, അതിന്റെ സംരക്ഷണയിലാണെന്നും അമേരിക്കൻ കപ്പലിനെ അറിയിച്ചു. അതിന് ന്നാലെ യു.എസ് കപ്പൽ പിൻവാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു.
ഇറാനും ഇസ്രയേലും തമ്മിലുള്ള 12 ദിവസത്തെ സംഘര്‍ഷത്തിനുശേഷം ഇറാനും യുഎസ് സേനയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ഏറ്റുമുട്ടലാണ് ഇത്. സംഘര്‍ഷസമയത്ത് ഇറാന് ആണവകേന്ദ്രങ്ങളെ യുഎസ് ആക്രമിച്ചിരുന്നു. എന്നാൽ യുഎസ്എസ് ഫിറ്റ്സ്ജെറാൾഡിൻ്റെ ദൗത്യത്തിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും മറിച്ചുള്ള വിവരങ്ങൾ വ്യാജമാണെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനാണ് ഇറാൻ്റെ ശ്രമമെന്നും ആണ് യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെടുന്നത്.
യുഎസ് യുദ്ധക്കപ്പൽ ഇറാനിയൻ സമുദ്രാതിർത്തിയോട് എത്രത്തോളം അടുത്തേക്ക് വന്നു എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല. ഇറാൻറെ സമുദ്ര അതിർത്തിക്കടുത്ത് എത്താനുള്ള കാരണവും വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ യുഎസ് നാവികസേനയിൽ നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. ഇറാൻ – ഇസ്രായേൽ സംഘർഷം രൂക്ഷമായിരിക്കെ ജൂൺ 22ന് ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് ആക്രമണം നടത്തിയിരുന്നു.
കനത്ത നാശനഷ്ടമാണ് ഇറാനുണ്ടായത്. യു എസ് ആക്രമണം ഉണ്ടായെങ്കിലും യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് അന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറയുകയും ചെയ്തിരുന്നു. യു.എസ്-ഇസ്രായേല്‍ ആക്രമണം തങ്ങളുടെ ആണവസമ്പുഷ്ടീകരണ പദ്ധതിയില്‍ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ആണവസമ്പുഷ്ടീകരണം ഇറാന്റെ അഭിമാന പദ്ധതിയായി മാറിയെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
നേരത്തെയും തെക്കൻ തീരത്തെ ഒമാൻ ഉൾക്കടൽ പോലുള്ള പ്രദേശങ്ങളിൽ യുഎസ് സേനയെ നേരിട്ട ചരിത്രത്രവും ഇറാനുണ്ട്. 2023ൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടക്കുന്നതിനിടെ യുഎസ് അന്തർവാഹിനിയെ കരയിലേക്ക് തള്ളിവിട്ടതായി ടെഹ്റാൻ അവകാശപ്പെട്ടിരുന്നു.