‘നൂറ്റാണ്ടിന്റെ കശാപ്പുകാരൻ’ അൽ-ഫത്തേ അബ്ദുല്ല ഇദ്രിസ് അറസ്റ്റിൽ; സുഡാനിൽ വിശപ്പടക്കാൻ പുല്ല് തിന്നുന്ന മനുഷ്യരെ വരെ കൊന്നൊടുക്കുന്ന കൊടും ക്രൂരൻ
സുഡാനിലെ സാധാരണക്കാരെ കൊന്നു തള്ളുന്ന ഭീകരൻ അറസ്റ്റിലായി.
പടിഞ്ഞാറൻ സുഡാനീസ് നഗരമായ എൽ ഫാഷറിൽ സിവിലിയന്മാരെ കൊലപ്പെടുത്തിയ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ ബ്രിഗേഡിയർ ജനറൽ അൽ-ഫത്തേ അബ്ദുല്ല ഇദ്രിസ് ആണ് അറസ്റ്റിലായത്.
ഇയാൾ ‘അബു ലുലു’ എന്നും ‘നൂറ്റാണ്ടിന്റെ കശാപ്പുകാരൻ’ എന്ന പേരിലുമാണ് അറിയപ്പെടുന്നത് . സുഡാനിലെ വെറും സാധാരണക്കാരെ ഒരു കാരണവുമില്ലാതെ വധിക്കുന്നതിന്റെ ഭയാനകമായ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണ് അബു ലുലുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
അബു ലുലുവിനെ നോർത്ത് ഡാർഫർ ജയിലിൽ അടച്ചതായി കാണിക്കുന്ന ദൃശ്യങ്ങൾ ആർഎസ്എഫ് പുറത്തുവിട്ടു. സാധാരണക്കാർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള തയാറെടുപ്പിന്റെ ഭാഗമായി ‘ലീഗൽ കമ്മിറ്റികൾ’ അന്വേഷണം ആരംഭിച്ചു.
എൽ-ഫാഷർ നഗരം ആക്രമികൾ പിടിച്ചെടുത്തതിന് പിന്നാലെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും വിച്ഛേദിച്ചിരുന്നു. എന്നാൽ സമീപ പട്ടണമായ തവിലയിലേക്ക് രക്ഷപ്പെട്ടവരാണ് കൂട്ടക്കൊലകളെക്കുറിച്ച് വെളിപ്പെടുത്തിയത്. മാതാപിതാക്കൾക്ക് മുന്നിൽ വെടിയേറ്റു മരിച്ച കുട്ടികളുടെയും ഓടിപ്പോകുന്നതിനിടെ കൊള്ളയടിക്കപ്പെട്ട സാധാരണക്കാരുടെയും കഥകൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു.
ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ മേഖലയിൽ നിന്ന് 1.4 കോടിയിലധികം പേർ പലായനം ചെയ്തുവെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ക്ഷാമം പടർന്നതിനാൽ ജീവൻ നിലനിർത്താനായി ഇവരിൽ പല ആളുകളും പുല്ല് ഭക്ഷണമായി കഴിക്കാൻ തുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. ഒക്ടോബർ 26, 27 തീയതികളിൽ നിരായുധരായ 2,000ത്തിലധികം പൗരന്മാരെ ആർഎസ്എഫ് കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയിരുന്നു.
ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും ആർഎസ്എഫ് അഴിഞ്ഞാടുകയായിരുന്നു.എൽ ഫാഷറിലെ പ്രധാന ആശുപത്രിയിലുണ്ടായിരുന്ന 460 സാധാരണക്കാരാണ് ഇവരുടെ ക്രൂരതക്ക് ഇരയായത്.
മുൻപ് സുഡാൻ സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന അർധ സൈനിക വിഭാഗമായിരുന്നു ആർ എസ് എഫ് . രാജ്യത്തിന്റെ പടിഞ്ഞാറൻ ഡർഫർ മേഖലയിലെ എൽ ഫാഷർ നഗരം പിടിച്ചെടുത്ത ആർഎസ്എഫ്, നൂറുകണക്കിന് സാധാരണക്കാരെയാണ് കൊന്നൊടുക്കിയത്.
നഗരത്തിലെ ആശുപത്രി സംവിധാനങ്ങൾ മനുഷ്യരെ കശാപ്പ് ചെയ്യുന്ന ഇടങ്ങളായി ഇവർ മാറ്റിയിരുന്നു. ഈ ക്രൂരതയെ ലോകാരോഗ്യസംഘടന അപലപിക്കുകയും സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സുഡാൻ സൈന്യവുമായുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ട 2023 ഏപ്രിൽമാസം മുതൽ, അറബ് ഇതര ഗോത്രവിഭാഗങ്ങളെ ആർഎസ്എഫും അവരുടെ അറബ് കൂട്ടാളികളും കൊല ചെയ്യുന്നതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇത് നിഷേധിക്കുന്ന നിലപാടായിരുന്നു ആർഎസ്എഫിന്റേത്.
ഡർഫർ, സമീപപ്രദേശമായ കോർദോഫാൻ എന്നിവിടങ്ങൾ ആർഎസ്എഫ് നേരത്തെ പിടിച്ചെടുത്തു കഴിഞ്ഞു. രാജ്യതലസ്ഥാനമായ ഖാർത്തൂം, മധ്യ-കിഴക്കൻ പ്രദേശങ്ങൾ എന്നിവ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ഉള്ളത്.
ഈ ഭീകരമായ കൂട്ടക്കൊല അർഹിക്കുന്ന ഗൗരവത്തോടെ ലോകരാജ്യങ്ങൾ ചർച്ച ചെയ്യുന്നില്ല എന്നതാണ് യാഥാർഥ്യം. ഒന്നരക്കോടി ജനങ്ങൾ പലായനം ചെയ്യുന്നതും, രണ്ടു ദിവസം കൊണ്ട് രണ്ടായിരം നിരപരാധികളെ കൊലപ്പെടുത്തുന്നതും പല മനുഷ്യാവകാശ സംഘടനകളും അറിഞ്ഞതായി പോലും ഭാവിക്കുന്നില്ല. ലോകത്തിലെ വൻശക്തികൾ ഒന്നും ഈ വിഷയത്തിൽ ഇടപെടാൻ എത്തുന്നുമില്ല.
തങ്ങൾ എന്തിനാണ് കൂട്ടക്കൊല ചെയ്യപ്പെടുന്നതെന്നും പലായനം ചെയ്യുന്നതെന്നും പട്ടിണിക്കിട്ട് കൊല്ലപ്പെടുന്നതെന്നും സുഡാനിലെ കുട്ടികൾക്കോ സ്ത്രീകൾക്കോ അറിയില്ല. അവർ കാണുന്നത് സ്വന്തം വർഗ്ഗക്കാർ തന്നെ തങ്ങളെ കൊല്ലാൻ വേണ്ടി വരുന്ന കാഴ്ചയാണ്. ആഫ്രിക്കയിൽ ആയതു കൊണ്ടോ, അല്ലെങ്കിൽ കറുത്ത വർഗക്കാർ ആയതു കൊണ്ടോ എന്നറിയില്ല ഇവർക്ക് വേണ്ടി കണ്ണീരൊഴുക്കാൻ ആരുമില്ല എന്നത് ഒരു പൊള്ളുന്ന സത്യം തന്നെയാണ്.












