ദക്ഷിണ കൊറിയയിൽ കനത്ത മഴ; നാല് മരണം, 1300 പേരെ മാറ്റിപ്പാർപ്പിച്ചു

ദക്ഷിണകൊറിയയിൽ കനത്ത മഴയെ തുടർന്ന് നാല് പേരുടെ മരണം സ്ഥിരീകരിച്ചു. രാജ്യത്തെ 1,300 ലധികം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്. വെള്ളപ്പൊക്കം തുടരുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെ രക്ഷാപ്രവർത്തകർ 1,300 ൽ അധികം ആളുകളെയാണ് ഒഴിപ്പിച്ചത്.
റെക്കോർഡ് മഴ പെയ്തതിനെ തുടർന്ന് രാജ്യത്തുടനീളം നിരവധി പേർക്ക് പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിനിടെ രണ്ട് പേർക്ക് ഹൈപ്പോഥെർമിയ ബാധിച്ചതായും റിപ്പോർട്ടുകൾ ഉണ്ട് .
മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പും ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. കൂടാതെ നദീതീരങ്ങൾ, കുത്തനെയുള്ള ചരിവുകൾ, ഭൂഗർഭ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ആളുകൾ മാറിനിൽക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. എന്നാൽ അടുത്ത ആഴ്ച ഉയർന്ന താപനില തിരിച്ചെത്തുമെന്നും, ഉഷ്ണതരംഗത്തിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രതീക്ഷിക്കുന്നു.