ഇറ്റാലിയൻ ഫാഷൻ ഡിസൈനർ; ജോർജിയോ അർമാനി അന്തരിച്ചു

ആധുനിക ഫാഷൻ ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി 91-ാം വയസ്സിൽ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ലോകമെമ്പാടുമുള്ള ഫാഷൻ പ്രേമികളുടെയും സിനിമാതാരങ്ങളുടെയും പ്രിയങ്കരനായ ഡിസൈനറായിരുന്നു അദ്ദേഹം. അർമാനി എക്സ്ചേഞ്ച് ഗ്രൂപ്പിന്റെ സ്ഥാപകൻ കൂടിയായ അദ്ദേഹത്തിൻ്റെ വിയോഗം ഫാഷൻ ലോകത്തിന് വലിയൊരു നഷ്ടം തന്നെയാണ്.
അർമാനി ഗ്രൂപ്പ് ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹത്തിന്റെ മരണവാർത്ത ലോകത്തെ അറിയിച്ചത്. “അങ്ങേയറ്റം ദുഃഖത്തോടെ ഞങ്ങളുടെ സ്രഷ്ടാവും സ്ഥാപകനും ചാലകശക്തിയുമായ ജോർജിയോ അർമാനിയുടെ വിയോഗം അറിയിക്കുന്നു,” എന്നായിരുന്നു ആ പോസ്റ്റിൽ കുറിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ ഭൗതികശരീരം സെപ്റ്റംബർ 6, 7 തീയതികളിൽ മിലാനിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് നടക്കുന്ന സംസ്കാര ചടങ്ങുകൾക്ക് ശേഷം അന്ത്യവിശ്രമം.