എലിസബത്ത് രാജ്ഞി അന്തരിച്ചു
ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി(96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്കോട്ട്ലാന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലാണ് അന്ത്യം. ബക്കിങ്ങാം കൊട്ടാരം പ്രത്യേക കുറിപ്പിലൂടെയാണ് രാജ്ഞിയുടെ മരണവാര്‍ത്ത അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ അവരെ അലട്ടിയിരുന്നു. വ്യാഴാഴ്ച്ച രാവിലെയാണ് വിദഗ്ദ പരിശോധനയ്ക്ക് ശേഷം അവരുടെ ആരോഗ്യ നിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക അറിയിച്ചിരുന്നു. രാജ്ഞിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാജകുടുംബങ്ങളെല്ലാം ബാല്‍മോറാല്‍ കൊട്ടാരത്തില്‍ എത്തിയിരുന്നു. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മൂത്തമകന് ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവായി സ്ഥാനമേല്‍ക്കും.
ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരുന്ന് റെക്കോര്‍ഡ് കരസ്ഥമാക്കിയ വ്യക്തിയാണ് എലിസബത്ത്. 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് രാജ്ഞിയായി ചുമതലയേറ്റത്. ബ്രിട്ടീഷ് രാജപദവിയിലെത്തിയ നാല്പതാമത്തെ വ്യക്തിയായിരുന്നു ഇവര്‍. കൂടാതെ ലോകത്ത് ഏറ്റവും കൂടുതല്‍ കറന്‍സികളില്‍ ചിത്രമുള്ള ഭരണാധികാരിയെന്ന നിലയില്‍ ഗിന്നസ് ബുക്കിലും രാജ്ഞി ഇടം പിടിച്ചിട്ടുണ്ട്.
Content Highlights – Queen Elizabeth II has died