ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് വീട്ടുതടങ്കലിലെന്ന് അഭ്യൂഹം; പട്ടാള അട്ടിമറിയെന്ന് സോഷ്യല്‍ മീഡിയ
ചൈനയില്‍ പട്ടാള അട്ടിമറിയെന്ന് അഭ്യൂഹം. പ്രസിഡന്റ് ഷീ ജിന്‍പിങ് വീട്ടുതടങ്കലിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങള്‍ കൊഴുക്കുകയാണ്. ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തലസ്ഥാനമായ ബെയ്ജിംഗ് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും സോഷ്യല്‍ മീഡിയ പറയുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത ഈ പ്രചാരണങ്ങളെ നിരീക്ഷകര്‍ തള്ളുകയാണ്. ന്യൂഹൈലാന്ഡ് വിഷന്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നു വന്ന സന്ദേശമാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.
മുന്‍ പ്രസിഡന്റ് ഹൂ ജിന്താവോയും മുന്‍ പ്രധാനമന്ത്രി വെന്‍ ജിബാവോയും മുന്‍ പോളിറ്റ് ബ്യൂറോ അംഗം സോങ് പിങ്ങുമായി ചേര്‍ന്ന് സെന്‍ട്രല്‍ ഗാര്‍ഡ് ബ്യൂറോയുടെ നിയന്ത്രണം ഏറ്റെടുത്തുവെന്നാണ് ന്യൂ ഹൈലാന്‍ഡ് വിഷന്‍ പറയുന്നത്. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കായി ജിന്‍പിങ് ഉസ്ബക്കിസ്താനില്‍ പോയപ്പോള്‍ ഈ അട്ടിമറിക്ക് ഗൂഢാലോചന നടന്നുവത്രേ! ഉച്ചകോടിക്ക് ശേഷം മടങ്ങിയെത്തിയ ജിന്‍പിങ്ങിനെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യുകയും പിഎല്‍എയുടെ ചുമതലയില്‍ നിന്ന് നീക്കുകയും ചെയ്തുവെന്നും ഈ ട്വിറ്റര്‍ ഹാന്‍ഡില്‍ പറയുന്നു.
ഇതിനിടെ 6000ത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ബെയ്ജിംഗില്‍ നിന്നു വരുന്നതും പോകുന്നതുമായ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ വാര്‍ത്തകളും അഭ്യൂഹങ്ങള്‍ ശക്തമാകാന്‍ കാരണമായിട്ടുണ്ട്.