ഇസ്രായേലിനെ ഞെട്ടിച്ച് ക്ലസ്റ്റർ മിസൈൽ ആക്രമണവുമായി യെമനിലെ അൻസാറുല്ല; ഗാസയെ തകർക്കാനുള്ള ഇസ്രായേൽ സൈനിക നടപടിക്കിടെയാണ് ആക്രമണം

ഗസ്സയെ പൂർണ്ണമായും കീഴടക്കാൻ സർവസന്നാഹങ്ങളുമായി എത്തുകയാണ് ഇസ്രായേൽ. ശക്തമായ കരയുദ്ധം നടത്താനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. സബ്റ പ്രദേശത്തേക്ക് ഇസ്രായേൽ കവചിത വാഹനങ്ങൾ വന്നെത്തിയ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നു. സെയ്ത്തൂണ്‍ പ്രവിശ്യയോട് അടുത്ത സ്ഥലമാണ് സബ്റ. പത്ത് ലക്ഷത്തിലേറെ ജനങ്ങൾ പാർക്കുന്ന ഗസ്സ സിറ്റിയിലേക്ക് കരയുദ്ധം വ്യാപിക്കുന്നത് വൻ ആൾനാശത്തിനാകും വഴിയൊരുക്കുക. ബന്ദികളുടെ ജീവനും ഇതോടെ അപകടത്തിലാകുമെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലിൽ പ്രതിപക്ഷവും ബന്ധുക്കളും പ്രതിഷേധം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രിയും തീവ്രവലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻ ഗ്വിറിനെയും കുടുംബത്തെയും പ്രക്ഷോഭകർ തടഞ്ഞു. യുദ്ധം നീട്ടിക്കൊണ്ടുപോയി ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്നതിന്റെ ഉത്തരവാദിത്തം ബെൻ ഗ്വിറിനാണെന്ന് പ്രക്ഷോഭകർ ആരോപിച്ചു.
നെതന്യാഹുവിന്റെ ഉദ്ദേശം വെളിപ്പെടുത്തിക്കൊണ്ട് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് – “ഉടൻ തന്നെ, ഹമാസിന്റെ തലയ്ക്ക് മുകളിൽ നരകത്തിന്റെ കവാടങ്ങൾ തുറക്കും. അവർ ഇസ്രയേലിന്റെ വ്യവസ്ഥകൾ സമ്മതിക്കുന്നത് വരെ ഇത് തുടരും. എല്ലാ ബന്ദികളെയും മോചിപ്പിക്കുക, നിരായുധരാവുക എന്നിവയാണ് പ്രധാന വ്യവസ്ഥകൾ. അവർ സമ്മതിച്ചില്ലെങ്കിൽ, ഹമാസിന്റെ തലസ്ഥാനമായ ഗാസ, റഫയും ബെയ്ത് ഹനൂനും പോലെയാക്കും എന്നാണ്. റഫ, ബൈത് ഹനൂൻ എന്നിവ ഇസ്രായേൽ ആക്രമണത്തിൽ പൂർണ്ണമായും തകർന്ന രണ്ട് നഗരങ്ങളാണ്. അതെ അവസ്ഥ ഗാസക്കും വരുമെന്നാണ് കാറ്സിന്റെ ഭീഷണി.
എന്നാൽ ഹമാസും ഹിസ്ബുള്ളയും ഹൂഥികളും ഒക്കെ യുദ്ധരംഗത്ത് ഇല്ലാത്ത ഈ സമയത്തും ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യെമനിലെ അന്‍സാറുല്ല ഇന്നലെ ഇസ്രായേലിൽ വ്യോമാക്രമണം നടത്തി. ബെൻ ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് അന്‍സാറുല്ല അയച്ച മിസൈലിനെ തടയാന്‍ വളരെ പ്രയാസപ്പെട്ടിരുന്നു എന്നാണ് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.
ഈ മിസൈലില്‍ ക്ലസ്റ്റര്‍ ബോംബുകളും അടങ്ങിയിരുന്നുവെന്നാണ് ഇസ്രായേലി സൈന്യം ഇപ്പോള്‍ അറിയിക്കുന്നത്. വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ശേഷിയുള്ള മിസൈലാണ് അൻസാറുള്ള അയച്ചതെന്നും ഇസ്രായേലി സൈന്യം പറയുന്നുണ്ട്.
നേരത്തെ കഴിഞ്ഞ ജൂൺ മാസത്തിലും ഇറാന് ക്ലസ്റ്റര്‍ മിസൈലുകള്‍ ഇസ്രായേലിലേക്ക് അയച്ചിരുന്നു. അവയെ തടയാന്‍ ഇസ്രായേലിന്റെ പേരുകേട്ട വ്യോമ പ്രതിരോധ സംവിധാനത്തിനായില്ല. തെല്‍ അവീവിലെ ഗുഷ് ദാന്‍, ബീര്‍ഷെബ, റിഷോന്‍ ലെസിയോണ്‍ തുടങ്ങിയ പ്രദേശങ്ങളിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഇറാന് ഇത്തരം മിസൈലുകളാണ് ഉപയോഗിച്ചത്. അയണ്‍ ഡോം, ഡേവിഡ്സ് സ്ലിങ്, ഏരോ തുടങ്ങിയ മിസൈല്‍ പ്രതിരോധ സംവിധാനങ്ങൾ അയച്ച മിസൈലുകളെല്ലാം, പരസ്പരം കൂട്ടിയിടിക്കുകയാണ് ചെയത്.
ഇറാൻ പ്രയോഗിച്ചത് പോലുള്ള മിസൈലുകൾ തന്നെ ഇപ്പോൾ യെമനില്‍ നിന്ന് 2,000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച്, ഇസ്രായേലിലേക്ക് എത്തിയത് അവരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇറാന്റെ നേതൃത്വത്തിലുള്ള പ്രതിരോധ അച്ചുതണ്ട്, ഇപ്പോൾ ഇത്തരം മിസൈലുകള്‍ മോഡിഫൈ ചെയ്യുന്നതിലാണ് പ്രധാനമായും ശ്രദ്ധിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 61 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഭക്ഷണവിതരണ കേന്ദ്രത്തിൽ കാത്തുനിൽക്കുമ്പോഴാണ് ഇതിലെ 18 കൊല്ലപ്പെട്ടത്. എന്നാൽ രണ്ട് ഇസ്രായേൽ ടാങ്കുകൾ തകർത്തതായി ഹമാസ് അറിയിച്ചിട്ടുണ്ട്.
ഏകദേശം ഒരു മാസത്തിനുള്ളിൽ ഗാസ പൂർണ്ണമായും പിടിച്ചെടുക്കും അല്ലെങ്കിൽ നശിപ്പിക്കും എന്നാണ് നെതന്യാഹുവിന്റെ തീരുമാനം. 2023 ഒക്ടോബർ ഏഴിന്, ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ മിന്നൽ ആക്രമണത്തിന്റെ രണ്ടാം വാർഷികം എത്തുന്നതിന് മുമ്പേ ഈ യുദ്ധം അവസാനിപ്പിക്കും എന്നാണ് ഇസ്രാഈലിന്റെ അവകാശവാദം.