അട്ടിമറിപ്പേടിയിൽ കോൺഗ്രസ് നേതൃത്വം; എം എൽ എ മാരെ റിസോർട്ടിലേക്ക് മാറ്റി
ഹരിയാനയിലും രാജസ്ഥാനിലും അട്ടിമറിപ്പേടിയിൽ കോൺഗ്രസ് നേതൃത്വം. രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്വതന്ത്ര സ്ഥാനാർഥികളെ ഇറക്കി കോൺഗ്രസ് സ്ഥാനാർഥികളെ പരാജയപ്പെടുത്താനാണ് ഇരു സംസ്ഥാനങ്ങളിലും ബി ജെ പിയുടെ ശ്രമം. മറ്റ് സംസ്ഥാനങ്ങളിൽ ഘടകകക്ഷികളുമായുള്ള ആശയ സംഘട്ടനങ്ങളും കോൺഗ്രസിന് വലിയ തിരിച്ചടിയാവും.
ഹരിയാനയിലെ വിജയമുറപ്പിച്ച സീറ്റിലാണ് അജയ് മാക്കനെ കോൺഗ്രസ് മത്സര രംഗത്ത് ഇറക്കിയത്. എതിരാളിയായി ബി ജെ പിയും ജെ ജെ പിയും സ്വതന്ത്ര സ്ഥാനാർഥിയായി അവതരിപ്പിച്ചത് ന്യൂസ് എക്സ് ഉടമയായ കാർത്തികേയ ശർമയെയാണ്. രാജസ്ഥാനിൽ സുഭാഷ് ചന്ദ്രയാണ് ബി ജെ പി പിന്തുണയിൽ മത്സരിക്കുന്നത്. സീ ന്യൂസിന്റെ ഉടമാണ് സുഭാഷ് ചന്ദ്ര. കോൺഗ്രസ് സ്ഥാനാർഥിയായി ഇവിടെ മത്സരിക്കുന്നത് പ്രമോദ് തിവാരിയാണ്.
ഹരിയാനയിലും മഹാരാഷ്ട്രയിലും സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവർക്ക് സീറ്റ് നൽകിയതിൽ സംസ്ഥാന പാർട്ടി നേതൃത്വത്തിന് വലിയ മുറുമുറുപ്പുകൾ ഉണ്ട്. മുതിർന്ന നേതാക്കൾക്കൊപ്പം താരപരിവേഷമുള്ള നേതാക്കളും വിമർശനങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു. ഇത് കൂടാതെ പല സ്ഥലങ്ങളിലും സഖ്യകക്ഷികളുമായുള്ള തർക്കം രൂക്ഷമാണ്. ഝാർഖണ്ഡിയിൽ കോൺഗ്രസിനെ വെട്ടി ജെ എം എം സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും കോൺഗ്രസിന് തിരിച്ചടിയാണ്.
ചിന്തൻ ശിബറിന് ശേഷം നടക്കുന്നതെരഞ്ഞെടുപ്പിനെ അഭിമാന പോരാട്ടമായാണ് കോൺഗ്രസ് കാണുന്നത്. ബി ജെ പിയുടെ കുതിരക്കച്ചവടം മുന്നിൽ കണ്ട് വലിയ മുൻകരുതലാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചത്. മറുകണ്ടം ചാടാൻ സാധ്യതയുടെ എംഎൽ എ മാരെ റിസോർട്ടുകളിലേക്ക് മാറ്റി.