ജാമ്യം റദ്ദാക്കാൻ കോടതിയിലേക്കില്ല; പി സി ജോര്‍ജിന് പോലീസ് വീണ്ടും നോട്ടീസ് നല്‍കും
തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിന് വീണ്ടും നോട്ടീസ് നല്‍കും. കേസില്‍ ജാമ്യ ഉപാധികള്‍ ലംഘിച്ചുവെന്ന് കാട്ടി ഹൈക്കോടതിയെ സമീപിക്കേണ്ടെന്നാണ് പോലീസിന്റെ തീരുമാനം. ഇതു സംബന്ധിച്ച് പോലീസിന് നിയമോപദേശം ലഭിച്ചു. ഞായറാഴ്ച ഹാജരാകണമെന്ന് പോലീസ് നോട്ടീസ് നല്‍കിയെങ്കിലും അത് അവഗണിച്ചു കൊണ്ട് ജോര്‍ജ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കുകയായിരുന്നു.
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാട്ടി ഹൈക്കോടതിയെ സമീപിക്കുകയാണെങ്കില്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം തടസപ്പെടുത്തുന്നതിനായി തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ദിവസം ചോദ്യം ചെയ്യലിനായി പോലീസ് തെരഞ്ഞെടുത്തുവെന്ന വാദം ജോര്‍ജ് ഉന്നയിച്ചേക്കാമെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. പോലീസിന് കോടതിയില്‍ നിന്ന് ഇക്കാര്യത്തില്‍ വിമര്‍ശനം നേരിടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് തീരുമാനം.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നോട്ടീസ് നല്‍കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ദിവസം തന്റെ അറസ്റ്റിന് മറുപടി പറയുമെന്നായിരുന്നു ജോര്‍ജ് പറഞ്ഞിരുന്നത്. എന്നാല്‍ ഞായറാഴ്ച ഹാജരാകണമെന്ന് പോലീസ് നോട്ടീസ് നല്കി. ശബ്ദപരിശോധനയ്ക്ക് വിധേനാകണമെന്നും നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നു.
അന്വേഷണത്തോട് സഹകരിക്കണമെന്നും ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേനാകണമെന്നും ജാമ്യ വ്യവസ്ഥകളില്‍ കോടതി വ്യക്തമാക്കിയിരുന്നതാണ്. പോലീസ് നോട്ടീസ് അനുസരിക്കാതിരുന്ന ജോര്‍ജിന്റെ നടപടി ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് വ്യക്തമായിരുന്നു. ഇത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനായിരുന്നു പോലീസിന്റെ നീക്കമെങ്കിലും പിന്നീട് നിയമോപദേശം തേടിയ ശേഷം മറ്റു നടപടികളിലേക്ക് നീങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു.
Content Highlights: PC George, Police, Notice