മണിച്ചന്റെ കൊലയ്ക്ക് പിന്നില്‍ പാട്ടിനെ ചൊല്ലിയുള്ള തര്‍ക്കം; പ്രതികളെത്തിയത് തര്‍ക്കം പറഞ്ഞു തീര്‍ക്കാന്‍
തിരുവനന്തപുരം വഴയിലയില്‍ ഇരട്ടക്കൊലക്കേസ് പ്രതി മണിച്ചന് കൊല്ലപ്പെട്ടത് മദ്യപാനത്തിനിടെ പാടിയ പാട്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്. മണിച്ചന് കൊല്ലപ്പെട്ടത് ചുറ്റിക കൊണ്ട് തലയക്കടിയേറ്റാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ പ്രതികളായ ദീപക് ലാല്‍, അരുണ്‍ ജി. രാജീവ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ അരുവിക്കര പോലീസ് ചോദ്യം ചെയ്യുകയാണ്. ആറു മാസം മുന്‍പ് മണിച്ചനുമായുണ്ടായ തര്‍ക്കം പറഞ്ഞു തീര്‍ക്കാനാണ് പ്രതികള്‍ എത്തിയത്.
പിന്നീട് ഇവര്‍ ഒരുമിച്ച് മദ്യപിക്കുകയും ഇതിനിടെ പാടിയ ഒരു പാട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലയില്‍ കലാശിക്കുകയുമായിരുന്നു. കൂടിക്കാഴ്ചയില്‍ സംഘര്‍ഷമുണ്ടാകുമെന്ന് പ്രതികള്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. സംഘര്‍ഷമുണ്ടായതോടെ കയ്യില്‍ കരുതിയ ചുറ്റിക ഉപയോഗിച്ച് ഇവര്‍ മണിച്ചനെ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഹരികുമാറിനെയും പ്രതികള്‍ ആക്രമിച്ചു.
ഹരികുമാറാണ് ലോഡ്ജില്‍ മുറിയെടുത്തത്. മണിച്ചനെ ഇവിടേക്ക് വിളിച്ചു വരുത്തുകയും പിന്നീട് പ്രതികളെ ഇവര്‍ ചേര്‍ന്ന് വിളിക്കുകയുമായിരുന്നു. 2011ല്‍ നടന്ന വഴയില ഇരട്ടക്കൊലക്കേസുമായി സംഭവത്തിന് ബന്ധമില്ലെന്നാണ് പോലീസ് കരുതുന്നത്. കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മണിച്ചന്.
Content Highlights: Manichan, Murder, Thiruvanathapuram, Goon Attack