വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
പുതുമുഖ നടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍. ഇടക്കാല ജാമ്യത്തില്‍ തുടരുന്ന വിജയ് ബാബുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതുകൂടാതെ 32 പേരുടെ മൊഴി ഈ കേസില്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് നല്കി സഹായിച്ചെന്ന ആരോപണത്തില്‍ നടന് സൈജു കുറുപ്പ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം മുങ്ങിയ വിജയ് ബാബു ഒരു മാസത്തോളം വിദേശത്ത് ഒളിവിലായിരുന്നു. ഇയാളെ നാട്ടിലെത്തിക്കുന്നതിനായി കൊച്ചി സിറ്റി പോലീസ് പാസ്പോര്‍ട്ട് റദ്ദാക്കുകയും ഇന്റര്‍പോള്‍ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ജൂണ്‍ 1നാണ് വിജയ് ബാബു നാട്ടിലെത്തിയത്.
കേസില്‍ ഇതുവരെ ശേഖരിച്ച തെൡവുകളും രേഖകളും കോടതിയില്‍ സമര്‍പ്പിച്ചുകൊണ്ട് ജാമ്യാപേക്ഷയെ എതിര്‍ക്കാനായിരിക്കും പ്രോസിക്യൂഷന് ശ്രമിക്കുക. പരാതി ശരിവെക്കുന്ന സ്ക്രീന്‍ ഷോട്ടുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ അന്വേഷണസംഘം സമര്‍പ്പിക്കും.
എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിജയ് ബാബു വാദിക്കുന്നത്. ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ടാണ് വിദേശത്തു പോയത്. കേസ് സംബന്ധിച്ച വിവരങ്ങള്‍ അവിടെ വെച്ചാണ് അറിയുന്നതെന്നും വിജയ് ബാബു പറയുന്നു. കേസില്‍ ഇടക്കാല ജാമ്യത്തിലായതിനാല്‍ പോലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാനായിട്ടില്ല. മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയാല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
Content Highlights: Vijay Babu, Rape Case, High Court, Bail