ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി; വിചാരണക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. പ്രതിഭാഗത്തിന്റെ വാദമാണ് ഇന്ന് കോടതിയില്‍ നടക്കുക. തുടരന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ പ്രോസിക്യൂഷന് വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു.
കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് നീക്കം നടത്തിയെന്നാണ് പ്രോസിക്യൂഷന് ആരോപണം. ദിലീപ് അടക്കമുള്ളവരുടെ ഫോണില്‍ നിന്ന് കണ്ടെത്തിയ ശബ്ദരേഖകളും മറ്റു തെളിവുകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ കേസില്‍ ദിലീപിനെതിരെ തെളിവുകളില്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിക്കുന്നത്. പ്രോസിക്യൂഷന് ഹാജരാക്കിയ രേഖകള്‍ പഴയതാണെന്നും ഇവയുടെ ആധികാരികത പരിശോധിക്കണമെന്നും ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പ്രോസിക്യൂഷന് പറയുന്ന സമയം ദിലീപ് ജയില്‍ ആയിരുന്നു. ദിലീപിന്റെ വീട്ടുജോലിക്കാരനായ ദാസനെ അഭിഭാഷകന് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വാദം തെറ്റാണെന്നും പ്രതിഭാഗം ആരോപിക്കുന്നു. കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡില്‍ നിന്നു ചോര്‍ന്നതില്‍ ശാസ്ത്രീയ പരിശോധന വേണമെന്ന പ്രോസിക്യൂഷന് ആവശ്യത്തില്‍ വിചാരണക്കോടതി ഇന്ന് തീരുമാനം എടുത്തേക്കും.
മെമ്മറി കാര്‍ഡിന്റെ ഹാഷ്വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി നിരസിച്ചിരുന്നു. ഈ സാഹചര്യത്തില്‍, മെമ്മറി കാര്‍ഡുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ അപ്പില്‍ നല്കാന് ഒരുങ്ങുകയാണ് അന്വേഷണസംഘം.
Content Highlight: Actress Assault Case, Dileep Case, Dileep Bail