സിൽവർലൈൻ പദ്ധതിക്ക് അനുമതി തേടി കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ
സിൽവൈർ ലൈൻ പദ്ധതിക്ക് അനുമതി തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. ചീഫ് സെക്രട്ടറി, റെയിൽവെ ബോർഡ് ചെയർമാനാണ് കത്തയച്ചത്. ഡി പി ആർ സമർപ്പിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും പദ്ധതിക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. തൃക്കാക്കരതെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ചീഫ് സെക്രട്ടറി വി പി ജോയ് കേന്ദ്രത്തിന് കത്ത് അയച്ചത്.
സിൽവർ ലൈൻ പദ്ധതിയുടെ ഡി പി ആർ സമർപ്പിച്ചിട്ട് രണ്ട് വർഷം പൂർത്തിയായി. സ്ഥലമെടുപ്പ് നടപടികളുമായി സർക്കാർ ഏറെ ദൂരം മുന്നോട്ട് പോയി. റെയിൽവെയുമായി ചേർന്നുള്ള സംയുക്ത ഭൂമി പരിശോധനക്കുള്ള നടപടികളും ഏറെക്കുറെ പൂർത്തിയായി. ഈ സാഹചര്യത്തിൽ പദ്ധതിക്ക് പൂർണ അനുമതി നൽകണമെന്നാണ് സംസ്ഥാന സർക്കാറിന്റെ ആവശ്യം.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കല്ലിടൽ നടപടികൾ സർക്കാർ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പ്രതിഷേധമുള്ള സ്ഥലങ്ങളിൽ കല്ലിടൽ നിർത്തിവെച്ച് ജിയോടാഗിങ് സംവിധാനം നടപ്പിലാക്കാനാണ് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയത്.
കേന്ദ്രത്തിൽ നിന്ന് അനുകൂല മറുപടി ലഭിച്ചശേഷമായിരിക്കും തുടർ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോവുക.