പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്
നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പോക്സോ കേസില്‍ ജീവപര്യന്തം തടവ്. 14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ശിക്ഷ. പത്തനംതിട്ട കോഴഞ്ചേരി മൈലപ്ര ഗിരീഷ് ഭവനില്‍ സനല്‍കുമാറി (45)നാണ് എറണാകുളം പോക്സോ കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ഒന്‍പതാം പ്രതിയാണ് ഇയാള്‍. തട്ടിക്കൊണ്ടുപോയ കേസില്‍ പത്തുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പീഡനത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
പത്തു വര്‍ഷത്തെ കഠിനതടവ് പൂര്‍ത്തിയായ ശേഷം മാത്രമേ ജീവപര്യന്തം ആരംഭിക്കുകയുള്ളു. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിക്ക് തന്നിലുണ്ടായിരുന്ന വിശ്വാസം പ്രതി മുതലെടുക്കുകയായിരുന്നുവെന്ന് നിരീക്ഷിച്ച കോടതി പ്രതി ദയ അര്‍ഹിക്കുന്നില്ലെന്ന് വിധിയില്‍ വ്യക്തമാക്കി. 2013ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ എറണാകുളത്തു നിന്ന് തട്ടിക്കൊണ്ടു പോയി പഴനിയിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് കളമശ്ശേരി പോലീസില്‍ നല്കിയ പരാതിയില്‍ സനല്‍കുമാര്‍ പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയി. പിന്നീട് മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത വിവാഹത്തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ പള്‍സര്‍ സുനിയെ പരിചയപ്പെട്ടു. ദിലീപിനെ സുനി വിളിച്ച ഫോണ്‍ ഒളിപ്പിക്കാന്‍ സനല്‍ കുമാറാണ് സഹായിച്ചത്. ഫോണ്‍ പിന്നീട് ഇയാളുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തതോടെയാണ് നടിയെ ആക്രമിച്ച കേസില്‍ പ്രതിയായത്.
ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ഒളിവില്‍ പോയ സനല്‍കുമാര്‍ പിന്നീട് 2019ല്‍ വീണ്ടും അറസ്റ്റിലായി. പോക്സോ കേസില്‍ വാറന്റുണ്ടായിരുന്നതിനാല്‍ ഇയാളെ വിചാരണയ്ക്ക് ഹാജരാക്കുകയായിരുന്നു.
Content Highlights: POCSO, Actress Assault Case, Convicted, Rape, Abduction