മെട്രോ ട്രെയിൻ ഉടൻ തൃപ്പൂണിത്തുറയിലെത്തും; പേട്ട-എസ്എൻ ജംക്ഷൻ പാതയിലെ അന്തിമ പരിശോധന ഇന്ന് ആരംഭിക്കും
കൊച്ചി മെട്രോയിൽ പേട്ട മുതൽ എസ്എൻ ജംക്ഷൻ വരെയുള്ള പുതിയ പാതയിലെ അന്തിമ പരിശോധന ഇന്ന് ആരംഭിക്കും. മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ അഭയ് കുമാർ റായിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ റസിഡൻഷ്യൽ മേഖലയായ തൃപ്പൂണിത്തുറയിലെ എസ്എൻ ജംഗ്ഷനിലേക്ക് മെട്രോ എത്തുന്നതോടെ ആകെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 24 ആകും.
സിഗ്നൽ, ടെലികമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ തുടങ്ങിയ മേഖലയിൽ നിന്നുള്ള വിദഗ്ധർ സുരക്ഷാ കമ്മീഷണർക്കൊപ്പം പരിശോധനയിൽ പങ്കെടുക്കും. ഇലക്ടിക്കൽ ഇൻസ്പെക്ടർ ജനറൽ, കേരള ഫയർ ആൻഡ് റെസ്ക്യു സർവീസ് തുടങ്ങിയ വിഭാഗങ്ങളുടെ ക്ലിയറൻസ് നേടിയ ശേഷമാണ് പാതയുടെ അവസാന ഘട്ട പരിശോധന മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ നടത്തുന്നത്. പാതയിലൂടെ യാത്രാ സർവീസ് നടത്തണമെങ്കിൽ സുരക്ഷ കമ്മീഷണറുടെ അനുമതി ആവശ്യമാണ്.
കൊച്ചി മെട്രോയിൽ നിലവിലുള്ളതിൽ ഏറ്റവും വലിയ സ്റ്റേഷനാണ് പേട്ടയ്ക്കും എസ്എൻ ജംക്ഷനുമിടയിലുള്ള വടക്കേകോട്ടയിൽ സജ്ജമാകുന്നത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിർമിക്കുന്ന ആദ്യ പാതയാണ് പേട്ട മുതൽ എസ്.എൻ ജംഗ്ഷൻവരെയുള്ളത്. 453 കോടിരൂപയാണ് പുതിയ പാതയുടെ മൊത്തം നിർമാണ ചെലവ്.