സ്വപ്നയും സരിത്തും മുന്‍കൂര്‍ ജാമ്യം തേടി; സരിത്തിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക്
കെ ടി ജലീല്‍ നല്കിയ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയും സരിത്തും മുന്‍കൂര്‍ ജാമ്യം തേടി. സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നുവെന്നാണ് സ്വപ്ന ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നത്. ജലീല്‍ നല്കിയ പരാതിയില്‍ ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ അറസ്റ്റ് ഒഴിവാക്കുന്നതിനായാണ് നീക്കം.
സരിത്തിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനും തീരുമാനിച്ചു. പാലക്കാട് വിജിലന്‍സ് യൂണിറ്റ് സരിത്തിനെ ബുധനാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ഫോണ്‍ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. ഈ ഫോണ്‍ ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം. ഇതിനായി ഫോണ്‍ തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിന് കൈമാറും.
ലൈഫ് മിഷന് കേസില്‍ പരിശോധനയ്ക്കായാണ് ഫോണ്‍ അയക്കുന്നതെന്നാണ് വിജിലന്‍സ് വിശദീകരണം. എന്നാല്‍ ലൈഫ് മിഷന് കേസിന്റെ സമയത്ത് ഈ ഫോണ്‍ ആയിരുന്നില്ല ഉപയോഗിച്ചിരുന്നതെന്ന് സരിത്ത് പറയുന്നു.
Content Highlights: Swapna Suresh, Sarith, Vigilance, Mobile Phone, Forensic Test, Gold Smuggling Case