ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തം; അരിയിൽ പുഴുവും ചോറിൽ മുടിയും
സംസ്ഥാനത്തെ സ്കൂളുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ തിരുവനന്തപുരം വെങ്ങാനുർ സ്കുളിൽ അരിയിൽ പുഴുവിനെ കണ്ടെത്തി. സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തുന്ന പരിശോധനകളിൽ പലസ്ഥലത്തും ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര സ്കൂളിൽ വൃത്തിഹീനമായ നിലയിൽ ഭക്ഷ്യസാധനങ്ങൾ സുക്ഷിച്ചിരുന്നതായി പരിശോധനയിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് കണ്ടെത്തിയിരുന്നു.
ഇന്ന് വേങ്ങാനൂർ സ്കൂളിൽ വൃത്തിഹീനമായ നിലയിൽ സുക്ഷിച്ചിരുന്ന അരിയിലാണ് പുഴുവിനെ കണ്ടെത്തിയത്. ഈ ചാക്കിലെ ബാക്കിയുള്ള അരി ഇനി പാചകം ചെയ്യരുതെന്ന് ഉദ്യോഗസ്ഥർ കർശന നിർദേശം നൽകിയിട്ടുണ്ട്. മന്ത്രിമാർ സ്കൂളുകളിലെത്തി വിദ്യാർത്ഥികൾക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ച് പരിശോധന നടത്തുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കയുയർത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സ്കൂളിൽ ഭക്ഷണം കഴിക്കാനെത്തിയ മന്ത്രിക്ക് ഭക്ഷണത്തിൽ നിന്ന് മുടി കിട്ടിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.