സ്വപ്ന എച്ച്ആർഡിഎസിൻ്റെയും അഭിഭാഷകൻ കൃഷ്ണരാജിൻ്റെയും തടവിൽ; സ്വപ്ന തനിക്ക് ഗർഭപാത്രം വാടകയ്ക്ക് തരാമെന്ന് പറഞ്ഞു: മറുപടിയുമായി ഷാജ് കിരൺ
സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഷാജ് കിരൺ. അഭിഭാഷകനായ കൃഷ്ണരാജ് പറഞ്ഞിട്ടാണ് താൻ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായി ആരോപണമുന്നയിച്ചതെന്ന് ഷാജ് കിരൺ ആരോപിച്ചു. കുട്ടികളില്ലാത്ത തനിക്കും ഭാര്യയ്ക്കും കുട്ടിയുണ്ടാകാൻ സൗജന്യമായി ഗർഭപാത്രം വാടകയ്ക്ക് നൽകാമെന്ന് സ്വപ്ന വാഗ്ദാനം ചെയ്തിരുന്നെന്ന് ഷാജ് കിരൺ അവകാശപ്പെട്ടു. 24 ന്യൂസ് ചാനലിനനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഇക്കാര്യങ്ങൾ പറഞ്ഞത്.
എച്ച്ആർഡിഎസിൻ്റെയും അഭിഭാഷകൻ കൃഷ്ണരാജിൻ്റെയും കെണിയിലാണ് സ്വപ്ന. തന്നെ ഇവിടെ നിന്ന് രക്ഷിക്കണമെന്ന് സ്വപ്ന തന്നോട് അഭ്യർത്ഥിച്ചു. സമ്മർദ്ദം താങ്ങാനാകാതെ താൻ ആത്മഹത്യ ചെയ്യുമെന്ന് സ്വപ്ന തന്നോട് പറഞ്ഞെന്നും ഷാജ് കിരൺ അവകാശപ്പെട്ടു.
“എം വി നികേഷ് കുമാറിൻ്റെ പേര് ഇവർ പറഞ്ഞല്ലോ? എന്തുകൊണ്ടാണ് ഞാനത് പറഞ്ഞത്? ഇവർ ബാത്ത് റൂമിൽക്കയറി ഇന്നലെ എന്നെ വിളിക്കുന്നു. ഷാജീ എച്ച്ആർഡിഎസ് എന്നെ ട്രാപ്പ് ചെയ്തിരിക്കുകയാണ്. വക്കീൽ പറഞ്ഞിട്ടാണ് മുഖ്യമന്ത്രിയുടെയും മകളുടെയും ഭാര്യയുടെയും പേരുപറഞ്ഞതെന്ന് അവർ പറഞ്ഞു. ഇതിനു പിന്നിൽ വേറേ ആളുണ്ടെന്ന് അവർ പറഞ്ഞു. അത് താങ്ങാനുള്ള കപ്പാസിറ്റിയില്ലാത്തതുകൊണ്ട് ഞാൻ ആ പേര് ചോദിച്ചില്ല.” ഷാജ് കിരൺ 24 ന്യൂസിനോട് പറഞ്ഞു.
സ്വപ്നയുമായി ഒരു അഭിമുഖം നടത്തിയാൽ അവർക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും എന്നതിനാലാണ് താൻ നികേഷ് കുമാറിൻ്റെ പേര് പറഞ്ഞതെന്നും ഷാജ് പറഞ്ഞു. തനിക്ക് മുഖ്യമന്ത്രിയുമായോ കോടിയേരി ബാലകൃഷ്ണനുമായോ ഒരു ബന്ധവുമില്ലെന്നും ഷാജ് പറഞ്ഞു.
ശിവശങ്കറാണ് തന്നെ പരിചയപ്പെടുത്തിയതെന്ന് സ്വപ്ന പറഞ്ഞത് കളവാണെന്നും ഷാജ് പറഞ്ഞു. ശിവശങ്കറിനെ താൻ കണ്ടിട്ടുപോലുമില്ല. അറുപതു ദിവസത്തിലധികം തനിക്ക് സ്വപ്നയുമായി പരിചയമില്ലെന്നും ഷാജ് പറഞ്ഞു. താൻ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ കയ്യിലുണ്ടെങ്കിൽ അവർ പുറത്തുവിടട്ടെയെന്നും ഷാജ് വെല്ലുവിളിച്ചു.
ഷാജ് കിരണിൻ്റെ വെളിപ്പെടുത്തലോടെ സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി വിവാദം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.