കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സർവീസിൽ തിരിച്ചെടുത്തില്ല ; ചൊവ്വാഴ്ച ഡോക്ടർമാർ ഒ പി ബഹിഷ്കരിക്കും
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ സൂപ്രണ്ടിന്റെ സസ്പെൻഷൻഷൻ പിൻവലിക്കാത്തതിൽ പ്രതിഷേധം ശക്തമാവുന്നു. കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ വരുന്ന ചൊവ്വാഴ്ച ഡോക്ടർമാർ കൂട്ട അവധിയെടുക്കും. അത്യാഹിത വിഭാഗം, ലേബർ റൂം എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കി.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സൂപ്രണ്ടിനെ സസ്പെൻഡു ചെയ്തെങ്കിലും വിവിധ വകുപ്പുകൾ അന്വേഷിച്ച് സൂപ്രണ്ട് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും സസ്പെൻഷൻ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് കെ ജി എം ഒ എ സമരത്തിനിറങ്ങുന്നത്. ഇന്ന് വൈകുന്നേരത്തിനകം സസ്പെൻഷൻ പിൻവലിക്കുമെന്നാണ് മന്ത്രി ഉറപ്പു പറഞ്ഞിരുന്നത്. വൈകീട്ട് എട്ട് മണിയായിട്ടും ഇക്കാര്യത്തിൽ തീരുമാനം വരാത്ത സാഹചര്യത്തിലാണ് സമരപരിപാടികളുമായി മുന്നോട്ടു പോവാൻ കെ ജെ എം ഒ എ തീരുമാനിച്ചത്.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധന കഴിഞ്ഞ ദിവസമാണ് പൂർത്തീകരിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡോ പി പി പ്രീതയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സൂപ്രണ്ട് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ റിപ്പോർട്ട് ഇന്നലെ വൈകുന്നേരം ആരോഗ്യമന്ത്രി വീണാ ജോർജിന് കൈമാറിയിരുന്നു.
മാനസിക ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ അടിസ്ഥാന സൌകര്യങ്ങളില്ല, കെട്ടിടത്തിന് ബലമുള്ള ചുറ്റുമതിലില്ല, ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ല എന്നതുൾപ്പെടെ നിരവധി പരാതികളുയർന്നിരുന്നു. ഈ വിഷയങ്ങളെല്ലാം വിദഗ്ധ സംഘം പരിശോധിച്ചു.
സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് അന്തേവാസികൾ തുടർച്ചയായി ചാടിപ്പോവുന്ന സാഹചര്യത്തിലാണ് പരിശോധന നടന്നത്.
Content Highlights : Doctors strike on Kuthiravattam hospital issue