ഷാജ് കിരണും ഇബ്രാഹിമും ഗൂഢാലോചനാക്കേസില്‍ പ്രതികളായേക്കും; നിയമോപദേശം തേടി പോലീസ്
ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഗൂഢാലോചനാക്കേസില്‍ പ്രതികളായേക്കും. സ്വപ്നയും പി സി ജോര്‍ജും പ്രതികളായ കേസില്‍ ഇവരെക്കൂടി പ്രതി ചേര്‍ക്കുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടി. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയില്‍ ഗൂഢാലോചനാക്കുറ്റം ചുമത്താന്‍ കഴിയുന്ന വിവരങ്ങളുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സ്വപ്നയുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണെന്നാണ് പോലീസിന്റെ സ്ഥിരീകരണം.
സ്വപ്ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്ന് ഷാജ് കിരണും ഇബ്രാഹിമും ആരോപിച്ചിരുന്നു. പൂര്‍ണ്ണ സംഭാഷണം അടങ്ങിയ വീഡിയോ പുറത്തു വിടുമെന്ന് ഇബ്രാഹിം അറിയിച്ചു. സ്വപ്നയുമായുള്ള ചര്‍ച്ചയാണ് വീഡിയോയിലുള്ളത്. ഇത് ഞായറാഴ്ച പുറത്തുവിടുമെന്നാണ് ഇബ്രാഹിം പറയുന്നത്. ഇരുവരും സംസ്ഥാനം വിട്ടതായാണ് വിവരം. ഫോണില്‍ നിന്ന് ഡിലീറ്റായ വീഡിയോ വീണ്ടെടുക്കുന്നതിനായി തമിഴ്നാട്ടിലാണ് ഉള്ളതെന്നും ഞായറാഴ്ച തിരിച്ചെത്തുമെന്നും ഇബ്രാഹിം പറഞ്ഞു.
ഇതിനിടെ സ്വപ്ന-ഷാജ് വിവാദത്തില്‍ ക്രൈംബ്രാഞ്ച് എഡിജിപി എം ആര് അജിത്കുമാറിന്റെ സ്ഥാനം തെറിച്ചു. ഷാജിന്റെ വാട്സാപ്പില്‍ അജിത്കുമാര്‍ വിളിച്ചിരുന്നുവെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ഷാജ് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അജിത് കുമാറിനെ മാറ്റിയത്. ക്രൈം എഡിജിപി വിജയ് സാഖറേയും ഷാജിന്റെ ഫോണില്‍ വിളിച്ചിരുന്നതായി സ്വപ്ന പറഞ്ഞിരുന്നു. സാഖറേയ്ക്ക് എതിരെയും നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
Content Highlights: Swapna Suresh, Saritha, Shaj Kiran, Ibrahim, Gold Smuggling Case