പി സി ജോര്‍ജിനെതിരെ മൊഴി നല്കി സരിത; ഗൂഢാലോചനാക്കേസില്‍ സാക്ഷിയാകും
സ്വപ്നയും പി സി ജോര്‍ജും പ്രതികളായ ഗൂഢാലോചനാക്കേസില്‍ സരിത സാക്ഷിയാകും. കേസില്‍ പ്രത്യേക അന്വേഷണസംഘം സരിതയുടെ മൊഴി രേഖപ്പെടുത്തി. സ്വപ്ന പി സി ജോര്‍ജുമായി ഗൂഢാലോചന നടത്തിയെന്നാണ് സരിത മൊഴി നല്‍കിയത്. ഫെബ്രുവരി മുതല്‍ ഗൂഢാലോചന നടന്നതായി അറിയാം. പി സി ജോര്‍ജാണ് സ്വപ്നയ്ക്ക് നിയമസഹായം നല്‍കുന്നത്. താന്‍ സ്വപ്നയുമായി സംസാരിച്ചിട്ടില്ലെന്നും സരിത മൊഴി നല്കി.
സ്വപ്നയ്ക്ക് അനുകൂലമായി വെളിപ്പെടുത്തല്‍ നടത്താന്‍ പി സി ജോര്‍ജ് സമ്മര്‍ദ്ദം ചെലുത്തിയെന്നും സരിത അന്വേഷണ സംഘത്തോട് പറഞ്ഞു. ജോര്‍ജ് ഈരാറ്റുപേട്ടയിലെ വീട്ടിലും വിളിച്ച് സംസാരിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ തന്നെക്കൊണ്ട് പറയിപ്പിക്കാനായിരുന്നു നീക്കം. സ്വപ്നയും ജോര്‍ജും ക്രൈം നന്ദകുമാറും എറണാകുളത്ത് കൂടിക്കാഴ്ച നടത്തി. സ്വപ്നയുടെ കൈവശം തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍ പിന്മാറുകയായിരുന്നുവെന്നും സരിത പറഞ്ഞു.
പി സി ജോര്‍ജും സരിതയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. ശബ്ദരേഖയില്‍ സ്വപ്നയെക്കുറിച്ച് ജോര്‍ജ് സരിതയുമായി സംസാരിക്കുന്നുണ്ട്. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ ഷാജ് കിരണിന്, സുഹൃത്ത് ഇബ്രാഹിം എന്നിവരെ ഗൂഢാലോചനാക്കേസില്‍ പ്രതിചേര്‍ക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
പന്ത്രണ്ടംഗ പ്രത്യേക അന്വേഷണസംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. മുന്‍ മന്ത്രി കെ ടി ജലീല്‍ നല്കിയ കേസില്‍ കലാപശ്രമവും ഗൂഢാലോചനയുമാണ് പ്രതികള്‍ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍.
Content Highlights: Swapna Suresh, Saritha Nair, P C George, Gold Smuggling Case,