കറുത്ത മാസ്കിന് വിലക്ക്; മാധ്യമങ്ങൾ അരക്കിലോമീറ്റർ അകലെ; സുരക്ഷാവലയത്തിനുള്ളിൽ മുഖ്യൻ്റെ കോട്ടയം സന്ദർശനം
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങൾക്കിടെ കോട്ടയത്ത് മുഖ്യമന്ത്രിയുടെ പൊതുപരിപാടി. വന്‍ സുരക്ഷാ വിന്യാസമാണ് പരിപാടിക്ക് ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസിലും, KGOA സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കുന്ന മാമൻ മാപ്പിള ഹാളിലും അതീവ ശക്തമായ സുരക്ഷയാണ് ഏർപ്പാടാക്കിയിരിക്കുന്നത്. യു ഡി എഫ് ന്റെയും , ബി ജെ പി യുടെയും പ്രതിഷേധങ്ങൾ കനക്കുന്ന സാഹചര്യത്തിൽ വൻ സുരക്ഷാ സന്നാഹമാണ് മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കിയത്.
ഇന്നു മുതൽ നാൽപതംഗ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം മുഖ്യമന്ത്രിയെ അനുഗമിക്കും. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ചുപേരും 2 കമാൻഡോ വാഹനത്തിൽ പത്തുപേരും ദ്രുതപരിശോധനാ സംഘത്തിൽ എട്ടുപേരും ഒരു പൈലറ്റും എസ്കോർട്ടുമാണ് അധികമായി വിന്യസിച്ചിട്ടുള്ളത്. പങ്കെടുക്കുന്ന പരിപാടികൾക്കുള്ള സുരക്ഷയ്ക്ക് പുറമേയാണിത്. ഇന്ന് കോട്ടയത്ത് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനും കർശന നിയന്ത്രണങ്ങളുണ്ട്. കെ.ജി.ഒ.എ സമ്മേളനത്തില്‍ പങ്കെടുക്കുന്നവർ ഒരു മണിക്കൂർ മുമ്പ് ഹാളിൽ കയറണമെന്നാണ് നിർദ്ദേശം.
പരിപാടിക്കെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാസ് വേണമെന്നും നിർദേശമുണ്ട്. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. നാട്ടകം ഗസ്റ്റ് ഹൌസിന് മുന്നില്‍ നിന്ന് മാധ്യമങ്ങളെ മാറ്റി. അര കിലോ മീറ്റര്‍ അകലെ നിന്നുമാത്രം ദൃശ്യങ്ങളെടുക്കാനാണ് അനുമതിയുള്ളത്. വേദിയിലേക്കുള്ള വഴി പൊലീസ് അടച്ചു. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പൊലീസ് പറയുന്നത്. പരിപാടി നടക്കുന്ന മാമ്മൻ മാപ്പിള ഹാളിന് മുന്നിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടിയുയർത്തിയ രണ്ട് ബി ജെ പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സമ്മേളന ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി വരുന്നതിന് മുന്നോടിയായി കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ അടച്ചു. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാൽ മണിക്കൂർ മുമ്പേയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ബസേലിയോസ് ജംഗ്ഷൻ, കളക്ടറേറ്റ് ജംഗ്ഷൻ, ചന്തക്കവല, ഈരയിൽ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാന കവലകളും അടച്ചു.മുഖ്യമന്ത്രിയുടെ സന്ദർശനം കഴിയുന്ന വരെ കറുത്ത മാസ്ക് ധരിച്ചവരെ പൊലിസ് പൊതു ഇടത്തു നിന്ന് വിലക്കി യിട്ടുണ്ട്. വാഹനങ്ങൾ തടഞ്ഞുള്ള ഗതാഗത നിയന്ത്രണം പൊലീസും നാട്ടുകാരുമായി വാക്കേറ്റത്തിന് ഇടയാക്കി.