കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് പ്രതി മണിച്ചന് മോചനം; ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് പ്രതി മണിച്ചന് മോചനം. 33 തടവുകാരെ മോചിപ്പിക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. ജീവപര്യന്തം തടവുകാരനായ മണിച്ചന് 22 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് 33 പേരെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇതു സംബന്ധിച്ച മന്ത്രിസഭാ ശുപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. 33 തെരഞ്ഞെടുത്തതിന്റെ കാരണം നോക്കിയായിരുന്നു ഗവര്‍ണറുടെ നടപടി.
എന്നാല്‍ മണിച്ചന് മോചനം ലഭിക്കണമെങ്കില്‍ പിഴയക്കേണ്ടതുണ്ട്. ജീവപര്യന്തം തടവിനൊപ്പം 22 ലക്ഷം രൂപ പിഴയും മണിച്ചന് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നു. ഇത് അടച്ചെങ്കില്‍ മാത്രമേ ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകൂ. 2000 ഒക്ടോബര്‍ 31നാണ് കല്ലുവാതുക്കലില്‍ മദ്യദുരന്തമുണ്ടായത്. വിഷമദ്യം കഴിച്ച് 31 പേര്‍ക്ക് ജീവന് നഷ്ടമായി. മണിച്ചന്റെ വീട്ടിനുള്ളില്‍ ഭൂഗര്‍ഭ അറകള്‍ നിര്‍മിച്ച് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത് കണ്ടെത്തിയിരുന്നു. മദ്യത്തിന് വീര്യം കൂട്ടാന്‍ ചേര്‍ത്ത മീതൈല്‍ ആല്‍ക്കഹോള്‍ ആണ് ദുരന്തത്തിന് കാരണമായത്.
33 തടവുകാരെ മോചിപ്പിക്കാനുള്ള പട്ടികയാണ് സര്‍ക്കാര്‍ കൈമാറിയത്. ഇവരില്‍ 14 പേര് രാഷ്ട്രീയത്തടവുകാരാണ്. സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകരും രണ്ട് ബലാല്‍സംഗക്കേസ് പ്രതികള്‍ക്കും മോചനം ലഭിക്കും. കുപ്പണ മദ്യദുരന്തക്കേസിലെ ഒന്നാം പ്രതി തമ്പിയും പട്ടികയിലുണ്ട്. ഇവരെല്ലാവരും 16 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിഞ്ഞവരാണ് മോചനപ്പട്ടികയിലുള്ളവര്.
Content Highlights: Manichan, Governor, Jail, Life Imprisonment