അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ വിചിത്ര വിധിയുമായി ഡൽഹി ഹൈക്കോടതി
അയൽവാസികൾ തമ്മിലുള്ള തർക്ക കേസിൽ വിചിത്ര വിധിയുമായി ഡൽഹി ഹൈക്കോടതി. നാൽപത്തിയഞ്ച് ദിവസം യമുനാ നദി വൃത്തിയാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ഓർഡർ ലഭിച്ച് പത്ത് ദിവസത്തിനുള്ളിൽ ഡൽഹി ജല വിഭവ വകുപ്പിലെ അജയ് ഗുപ്തയെ കണ്ട് യമുനാ നദി വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
നദി വൃത്തിയാക്കുന്ന പ്രവൃത്തിയിൽ ജല നവീകരണ അതോറിറ്റി തൃപ്തരാണെങ്കിൽ സർട്ടിഫിക്കറ്റ് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. സർട്ടിഫിക്കറ്റ് ലഭിച്ച് ഒരാഴ്ചക്കകം രേഖകൾ കോടതിയിൽ ഹാജരാക്കുകയും വേണം. ഈ നടപടികൾ രണ്ട് മാസത്തിനകം പൂർത്തീകരിക്കണമെന്നും കോടതി പറഞ്ഞു.
കോടതി ഉത്തരവ് പാലിക്കുമെന്ന ഉറപ്പിൽ ആക്രമണം വഴക്ക് പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജയ്ത്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ദിവസങ്ങൾക്ക് മുൻപാണ് ഡൽഹിയിൽ അയൽവാസികൾ തമ്മിൽ വഴക്കുണ്ടായത്. ഇരു വിഭാഗവും പരസ്പരം ആക്രമിക്കുകയും പരിക്കേൽപ്പിക്കുയും ചെയ്തിരുന്നു.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർക്ക് മാതൃകയാവട്ടെ എന്ന നിലക്കാണ് ഇത്തരത്തിലൊരു വിധിയിലേക്ക് കോടതി എത്തിയത്. സാമൂഹിക പ്രതിബന്ധത എന്തെന്ന് ബോധ്യപ്പെടുത്തുന്നതിന് കൂടി വേണ്ടിയാണ് ഇത്തരത്തിലൊരു വിധി. അനാവശ്യ വാക് തർക്കത്തിന് കോടതിയെ സമീപിക്കുന്നവരെ നിർബന്ധിത സാമൂഹിക സേവനത്തിന് വിധിക്കുന്നത് അനാവശ്യ കീഴ്വഴക്കങ്ങൾ കുറക്കുന്നതിന് കാരണമാവും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights : Delhi court verdict for Yamuna cleaning