വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുത്തവരെ തള്ളിയിട്ട് ഇ പി ജയരാജന്
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പാഞ്ഞടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദീന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര് കെ നവീന്‍കുമാര്‍ എന്നിവരാണ് വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുത്തത്. കറുത്ത ടീഷർട്ട് ധരിച്ചാണ് പ്രതിഷേധക്കാരിൽ ഒരാൾ എത്തിയത്. വിമാനത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് ഇവരെ തടഞ്ഞു. പ്രതിഷേധിച്ചവരെ ജയരാജന് തള്ളി മാറ്റി.
പ്രതിഷേധിച്ചവരെ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുക്കും. വിമാനത്തിനുള്ളില്‍ നടന്നത് ആസൂത്രിതമായ ഭീകര പ്രവർത്തനമാണെന്ന് ഇ പി ജയരാജൻ പിന്നീട് പ്രതികരിച്ചു. വിമാനത്താവളത്തിന് പുറത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു.
കണ്ണൂരിലായിരുന്നു ഇന്ന് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികള്‍. കനത്ത സുരക്ഷയുടെ നടുവിലായിരുന്നു മുഖ്യമന്ത്രി. ഞായറാഴ്ച മുഖ്യമന്ത്രി തങ്ങിയ കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. പിന്നീട് പലയിടങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. 30 ഓളം പേരെ പോലീസ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
Content Highlights: Chief Minister, E P Jayarajan, Flight, Protest, Youth Congress