വിമാനത്തിനുള്ളില്‍ നടന്നത് ഭീകരപ്രവര്‍ത്തനമെന്ന് ഇ പി ജയരാജന്
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായത് ആസൂത്രിത ഭീകര പ്രവര്‍ത്തനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. മുദ്രാവാക്യം വിളികളുമായി മുഖ്യമന്ത്രിക്കു നേരെയെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജയരാജനാണ് നേരിട്ടത്. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തതിന് പിന്നാലെ രണ്ടു മൂന്നു പേര് ആക്രമിക്കാനുള്ള ലക്ഷ്യം വെച്ച് മുഖ്യമന്ത്രിക്കു നേരെ മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്തു. അപ്പോഴേക്കും കോറിഡോറിന്റെ നടുവില്‍ വെച്ച് ഞാന്‍ തടഞ്ഞു.
വയറുനിറയെ കള്ളുകുടിപ്പിച്ച് വിമാനത്തിനകത്ത് കയറ്റിവിട്ടിരിക്കുകയാണ് ഇവരെ. ഇതെന്ത് യൂത്ത് കോണ്‍ഗ്രസാണ്. ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണോ. ഭീകരപ്രവര്‍ത്തനമാണ് നടത്തികൊണ്ടിരിക്കുന്നത്. ഞങ്ങളാരും ആ വിമാനത്തില്‍ ഇല്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ ആക്രമിക്കില്ലായിരുന്നോയെന്നും ജയരാജന് ചോദിച്ചു. എല്ലാ യാത്രക്കാരും സ്തംഭിച്ച് നില്‍ക്കുകയായിരുന്നു. കോറിഡോറില്‍ താന്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ ഇവര്‍ മുഖ്യമന്ത്രിയെ അക്രമിക്കും. വി.ഡി.സതീശന് ഇതില്‍ മറുപടി പറയണമെന്നും അദ്ദേഹമാണ് ഇവര്‍ക്ക് പ്രചോദനം നല്‍കിയിട്ടുള്ളതെന്നും ജയരാജന് പറഞ്ഞു.
കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് വിമാനത്തിനുള്ളില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നേരെയെത്തിയത്. പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജയരാജന് തള്ളിമാറ്റുന്നത് ദൃശ്യങ്ങളില്‍ കാണാം. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദീന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര് കെ നവീന്‍കുമാര്‍ എന്നിവരാണ് വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുത്തത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വലിയതുറ പോലീസ് ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുക്കും.
Content Highlights: Chief Minister, E P Jayarajan, Flight, Youth Congress