‘നിന്നെ വെച്ചേക്കില്ലെടാ’എന്ന് ആക്രോശിച്ചു; വിമാന പ്രതിഷേധക്കേസില്‍ എഫ്ഐആര്‍ പുറത്ത്
മുഖ്യമന്ത്രിയെ വധിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതെന്ന് എഫ്ഐആര്‍. നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെടാ എന്ന് ഇവര്‍ മുഖ്യമന്ത്രിക്കു നേരെ ആക്രോശിച്ചുവെന്നും തടയാന്‍ ശ്രമിച്ച ഗണ്‍മാനെ ഇവര്‍ ഉപദ്രവിച്ചുവെന്നും എഫ്ഐആര്‍ പറയുന്നു. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഫര്സീന് മജീദ്, നവീന്‍ കുമാര്‍, സുനിത് കുമാര്‍ എന്നിവരാണ് പ്രതികള്‍.
വിമാനത്തില്‍ സുരക്ഷാ ഭീഷണിയുണ്ടാക്കി, സുരക്ഷാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത് ദേഹോപദ്രവം ഏല്പിച്ചു, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി, മുഖ്യമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി തുടങ്ങിയവയാണ് ചുമത്തിയ കുറ്റങ്ങള്‍. മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ഇവര്‍ പാഞ്ഞടുത്തുവെന്നും എഫ്ഐആറില്‍ പറയുന്നു. പ്രതിഷേധിച്ചവര്‍ മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു ഇ പി ജയരാജന് ആദ്യം പറഞ്ഞതെങ്കിലും അവര്‍ മദ്യപിച്ചതായി തോന്നിയെന്ന് ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം തിരുത്തി.
മുട്ടന്നൂര് യുപി സ്കൂള്‍ അധ്യാപകനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഫര്‍സീനെതിരെ വകുപ്പുതല അന്വേഷണത്തിന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശിച്ചിട്ടുണ്ട്. മുട്ടനൂര്‍ സഹകരണ സൊസൈറ്റി ജീവനക്കാരനാണ് നവീന്‍ കുമാര്‍.
Content Highlights: Chief Minister, Pinarayi Vijayan, Flight, Youth Congress, Indigo, Protest, E P Jayarajan