കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രം ഡയറക്ടറുടെ സസ്പെൻഷൻ പിൻവലിച്ചു
കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ സസ്പെൻഷൻ പിൻവലിച്ചു. മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ചാടിപ്പോയ സംഭവത്തെ തുടർന്നാണ് സൂപ്രണ്ട് കെ സി രമേശനെ അന്വഷണ വിധേയമായി സസ്പെന്റ് ചെയ്തത്.
സുപ്രണ്ട് കുറ്റക്കാരനല്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിട്ടും സസ്പെൻഷൻ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെ ജി എം ഒ യുടെ നേതൃത്വത്തിൽ ഡോക്ടർമാർ ചൊവ്വാഴ്ച കൂട്ട അവധിയെടുത്ത് ഒ പി ബഹിഷ്കരിക്കുമെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച തന്നെ സൂപ്രണ്ടിന്റെ സസ്പെൻഷൻ പിൻവലിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനൽകിയെങ്കിലും അത് നടപ്പിലാവാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ സമരം പ്രഖ്യാപിച്ചത്.
ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സുരക്ഷാ വീഴ്ച സംബന്ധിച്ച കാര്യം പരിശോധിച്ചത് . ഈ റിപ്പോർട്ടിൽ സൂപ്രണ്ടിന്റെ ഭാഗത്ത് കൃത്യവിലോപം നടന്നതായി കണ്ടെത്തിയിരുന്നു. ആശുപത്രിയിൽ തുടർച്ചയാവുണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു.
എന്നാൽ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്നും പരിതമായ ചുറ്റുപാടിൽ കാര്യങ്ങൾ പരാതിക്കിടയില്ലാതെ കൊണ്ടുപോവുന്നുണ്ടെന്നുമാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. മതിയായ സുരക്ഷാ ജീവനക്കാരെ നിയമിക്കാനും അതിനാവശ്യമായ നടപടി കൈക്കൊള്ളാൻ ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകിയതായും വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് സൂപ്രണ്ടിന്റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനമായത്.
Content Highlights : Suspension withdrawn mental Health care Kuthiravattom