ഇ പി ജയരാജൻ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി ; യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയത് DGPക്ക്
വിമാനത്തിനുള്ളിൽ വെച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജൻ കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. വിമാനത്തിൽ യാത്ര ചെയ്ത കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ ജയരോജൻ ദേഹോപദ്രവം ഏൽപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന് കാണിച്ച് യൂത്ത കോൺഗ്രസ് ജനറൽ സെക്രട്ടറി ജോബ് ജേക്കബാണ് ഡി ജി പിക്ക് പരാതി നൽകിയത്. ഇരുവർക്കുമെതിരെ തെറ്റായ വിവരങ്ങൾ എഴുതിച്ചേർത്ത് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യമുണ്ട്.
എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി ജി പിക്കും ജയരാജന് യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷൻ അതോറിറ്റിക്കും യൂത്ത് കോൺഗ്രസ് പരാതി നൽകിയെന്ന് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഡി ജി പിക്ക് നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്തുവന്നത്.
കേവലമൊരു മുദ്രാവാക്യം വിളിയെ കൊലപാതകശ്രമമാക്കി കേസെടുക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ഭീരുത്വമാണെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. മാന്യമായി യാത്ര ചെയ്തവരെ കയ്യേറ്റം ചെയ്യുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ഇ പി ജയരാജനെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും യൂത്ത് കോൺഗ്രസ് പരാതിയിൽ പറയുന്നു.
Content Highlights: Youth Congress Complaint against E P Jayarajan