രാജ്യത്ത് 5 -ജി ഈ വര്‍ഷം തന്നെ ആരംഭിക്കും; സ്പെക്ട്രം ലേലത്തിന് അനുമതി
രാജ്യത്ത് ഈ വര്‍ഷം തന്നെ 5ജി സേവനങ്ങള്‍ ആരംഭിക്കും. സ്പെക്ട്രം ലേലത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. 72097.85 മെഗാഹെര്‍ട്സ് സ്പെക്ട്രം ലേലം ചെയ്യുന്നതിനാണ് അനുമതി. 20 വര്‍ഷത്തേക്കാണ് സ്പെക്ട്രം നല്‍കുന്നതെന്ന് ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രസ്താവന പറയുന്നു. ജൂലൈ അവസാനത്തോടെ ലേല നടപടികള്‍ പൂര്‍ത്തിയാക്കും.
വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നീ കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കും. സേവനദാതാക്കള്‍ക്ക് വന്‍ സാമ്പത്തികഭാരം ഒഴിവാക്കുന്നതിനായി ലേലത്തുക 20 തവണകളായി അടയ്ക്കാനുള്ള സൗകര്യവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്പെക്ട്രം അടിസ്ഥാന വിലയില്‍ 39 ശതമാനം ഇളവു വരുത്തണമെന്ന നിര്‍ദേശം കഴിഞ്ഞ ഏപ്രിലില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നല്‍കിയിരുന്നു.
നിലവിലുള്ള 4ജിയേക്കാള്‍ 10 മടങ്ങ് വേഗത 5ജി സര്വീസുകള്ക്കുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു. ലേലം പൂര്‍ത്തിയായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്നതിനാല്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി നെറ്റ് വര്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: 5G, Telecom, TRAI, Spectrum, Auction