സ്കൂൾ കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസ്: ബിഷപ്പിനെതിരായ എഫ്ഐആർ റദ്ദാക്കി കർണാടക ഹൈക്കോടതി
സ്കൂൾ കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസിൽ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ബിഷപ്പിനെതിരായ പ്രഥമവിവര റിപ്പോർട്ട് റദ്ദാക്കി കർണാടക ഹൈക്കോടതി. ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ സെൻട്രൽ കർണാടക രൂപത ബിഷപ്പ് പ്രസന്ന കുമാർ സാമുവലിനെതിരെ ചുമത്തിയ പോക്സോ നിയമപ്രകാരമുള്ള കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.
2015-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബംഗളൂരുവിലെ ഒരു സ്കൂളിലെ കുറച്ച് വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. ബിഷപ്പടക്കം അഞ്ചുപേർക്കെതിരെയായിരുന്നു പൊലീസ് കേസെടുത്തത്.
പൊലീസ് പിന്നീട് ബിഷപ്പിനെ കേസിൽ നിന്നൊഴിവാക്കിയിരുന്നു. എന്നാൽ 2017 ഡിസംബർ മാസത്തിൽ കേസിൻ്റെ വിചാരണ നടക്കുമ്പോൾ ബിഷപ്പ് സാമുവലിനും പ്രോസിക്യൂഷൻ സമൻസ് അയച്ചു. ഇതേത്തുടർന്നാണ് ബിഷപ്പ് ഹൈക്കോടതിയെ സമീപിച്ചത്.
കുറ്റപത്രത്തിൽ ബിഷപ്പ് കുറ്റം ചെയ്തതായി പറയുന്നില്ലെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡർ പറഞ്ഞു. ബിഷപ്പിനെതിരായി തെളിവുകളൊന്നുമില്ലെന്ന് 2019 നവംബർ 19-ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിൽ പറഞ്ഞ കാര്യവും ജസ്റ്റിസ് ഓർമ്മിപ്പിച്ചു. ഇതൊന്നും പരിഗണിക്കാതെയും വെണ്ടവിധത്തിൽ ആലോചിക്കാതെയുമാണ് മജിസ്ട്രേറ്റ് ബിഷപ്പിന് സമൻസ് അയച്ചതെന്നും അത് നിയമത്തിൻ്റെ ദുരുപയോഗമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
Content Highlight: Karnataka High Court quashed FIR against Bishop Prasanna Kumar Samuel in a POCSO case