മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗം ഇന്ന് കൊച്ചിയില്‍, സുനീതിനെതിരെ ലുക്കൗട്ട് നോട്ടീസ്
വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം ഇന്ന് യോഗം ചേരും. എറണാകുളത്താണ് യോഗം. കേസിലെ മൂന്നാം പ്രതി സുനിത് നാരായണനു വേണ്ടി പോലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. വിമാനത്തിലെ സംഭവത്തിനു ശേഷം കടന്നുകളഞ്ഞ ഇയാള്‍ ഒളിവിലാണ്. സുനിത് ആണ് യൂത്ത് കോണ്‍ഗ്രസുകാര്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
കേസുമായി ബന്ധപ്പെട്ട് വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. ഇതിനായി ഇന്‍ഡിഗോയില്‍ നിന്ന് യാത്രക്കാരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. പൈലറ്റ് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തും. പ്രതികളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി ബുധനാഴ്ച തള്ളിയിരുന്നു.
വ്യോമയാന നിയമങ്ങള്‍ ചുമത്തിയിരിക്കുന്നതിനാല്‍ കേസ് പരിഗണിക്കാന്‍ മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിക്കൊണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്.
Content Highlight: CM, Flight incident, Bail, Youth Congress, SIT, Police