സ്വപ്നയുടെ രഹസ്യമൊഴി നല്‍കാനാകില്ല; ക്രൈംബ്രാഞ്ച് ആവശ്യം കോടതി തള്ളി
സ്വപ്നയുടെ രഹസ്യമൊഴി ക്രൈംബ്രാഞ്ചിന് നല്‍കാനാകില്ലെന്ന് കോടതി. രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്കിയ അപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇക്കാര്യം അറിയിച്ചത്. മൊഴിപ്പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിനെ ഈ കേസിലെ അന്വേഷണ ഏജന്‍സിയായി കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വപ്നയുടെ രഹസ്യമൊഴിയും സത്യവാങ്മൂലവും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയത്.
രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിക്കാന്‍ ക്രൈംബ്രാഞ്ചിന് നിയമപരമായി എന്ത് അവകാശമാണുള്ളതെന്ന് കോടതി ചോദിച്ചു. രഹസ്യമൊഴിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഈ വിഷയത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറിയിച്ച ക്രൈംബ്രാഞ്ച് അഭിഭാഷകന് കേസ് അന്വേഷണത്തിന് മൊഴിയുടെ പകര്‍പ്പ് ആവശ്യമാണെന്ന് അറിയിച്ചു.
എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ അപേക്ഷയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സ്വപ്നയുടെ അഭിഭാഷകന് വാദിച്ചു. കേസിലെ അന്വേഷണ ഏജന്‍സി ഇഡിയാണ്. ഇഡി കേസിലാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നതെന്നും സ്വപ്നയുടെ അഭിഭാഷകന് വാദിച്ചു. കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും മൊഴിപ്പകര്‍പ്പ് ആര്‍ക്കും നല്‍കാനാകില്ലെന്നും ഇഡി അഭിഭാഷകനും വാദിച്ചു. ഹര്‍ജി ഉത്തരവിനായി മാറ്റി.
Content Highlights: Swapna Suresh, ED, Crime Branch, Court