ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്താണെന്ന് പറയുന്നതില്‍ വിഷമമുണ്ട്; പ്രതിപക്ഷത്തിനെതിരെ യൂസഫലി
ലോക കേരളസഭയ്ക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ വിമര്‍ശനവുമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി. ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്താണെന്ന് പറഞ്ഞതില്‍ വിഷമമുണ്ട്. ഗള്‍ഫില്‍ വരുമ്പോള്‍ കൊണ്ടുനടക്കുന്നത് പ്രവാസികളാണ്. സ്വന്തമായി ടിക്കറ്റ് എടുത്തു വരുന്നവരെ താമസിപ്പിക്കുന്നതാണോ ധൂര്‍ത്തെന്നും പ്രവാസികളെ വിഷമിപ്പിക്കരുതെന്നും യൂസഫലി പറഞ്ഞു. ലോക കേരളസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികള്‍ക്കുള്ള ആദരവാണ് ലോക കേരളസഭ. പ്രവാസികളില്‍ പല രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരുണ്ട്. എല്ലാവരും പ്രവാസികള്‍ക്കു വേണ്ടി ഒന്നിക്കണമെന്നും യൂസഫലി പറഞ്ഞു. മേഖലാ ലോക കേരളസഭ സംഘടിപ്പിക്കണം. അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് എന്നിവിടങ്ങളില്‍ സഭ നടത്തണം. ഈ പ്രദേശങ്ങളില്‍ നിന്ന് സ്പോണ്‍സര്‍ഷിപ്പിലൂടെ ഫണ്ട് കണ്ടെത്താമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
അനാരോഗ്യം മൂലം മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിലാണ് ലോകകേരളസഭ നടക്കുന്നത്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധം നടക്കുന്നതിനാല്‍ യുഡിഎഫ് ഇത്തവണയും ലോക കേരളസഭയില്‍ പങ്കെടുക്കുന്നില്ല. പരിപാടി ധൂര്‍ത്താണെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.
Content Highlights: Loka Kerala Sabha, M A Yousafali, Expats, Chief Minister