വിമര്‍ശനം അതിരുകടന്ന് അധിക്ഷേപമായി മാറി; ഹരീഷ് പേരടിയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി പുരോഗമന കലാസാഹിത്യ സംഘം
നടന് ഹരീഷ് പേരടിയെ ശാന്തനോര്‍മ നാടകോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതില്‍ വിശദീകരണവുമായി പുരോഗമന കലാസാഹിത്യസംഘം. മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനും എതിരെ ഹരീഷ് നടത്തിയ വിമര്‍ശനം അതിരുകടന്ന് അധിക്ഷേപമായി മാറിയെന്നും വലതുപക്ഷ ഗൂഢാലോചനയ്ക്ക് ഒപ്പം നില്ക്കുന്ന തരത്തില്‍ ഹരീഷ് പ്രതികരിച്ചുവെന്നും പു.ക.സ കോഴിക്കോട് ജില്ലാ സെക്രട്ടറി യു.ഹേമന്ത് കുമാര്‍ പറഞ്ഞു.
ഹരീഷ് പേരടിയെന്ന കലാകാരനെ ബഹുമാനിക്കുന്നു. അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കിയതില്‍ പിഴവു പറ്റി. അക്കാര്യത്തില്‍ ഖേദമുണ്ട്. എന്നാല്‍ ഫെയിസ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചത് അശ്ലീല ഭാഷയിലാണെന്നും പു.ക.സ പറയുന്നു. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്കിന് വിലക്കേര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഹരീഷ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
സുഹൃത്തായിരുന്ന നാടകപ്രവര്‍ത്തകന്‍ ശാന്തന്റെ ചരമദിനത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഹരീഷിനെ സംഘാടകര്‍ ക്ഷണിച്ചിരുന്നു. കോയമ്പത്തൂരിലെ സിനിമാ ലൊക്കേഷനില്‍ നിന്ന് അനുവാദം ചോദിച്ച് എത്തിയശേഷം കോഴിക്കോട്ടേയ്ക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഘാടകര്‍ ഫോണില്‍ വിളിച്ച് തന്നെ ഒഴിവാക്കിയ കാര്യം അറിയിച്ചതെന്ന് ഹരീഷ് ഫെയിസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് സംഘാടകര്‍ അറിയിക്കുകയായിരുന്നെന്ന് ഹരീഷ് പറഞ്ഞു.
Content Highlights: Hareesh Peradi, Pukasa, CPM