രാഹുൽഗാന്ധിക്കെതിരായ ഇ ഡി നടപടിയിൽ രാഷ്ട്രപതിയെ കാണാനൊരുങ്ങി കോൺഗ്രസ് നേതാക്കൾ
നാഷണഷൽ ഹൊറാൾഡ് കേസിൽ രാഹുലിനും സോണിയക്കും എതിരായ എൻഫോഴ്സ്മെന്റ് നടപടിയിൽ എതിർപ്പുമായി കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ കാണും. തിങ്കളാഴ്ചയാണ് നേതാക്കൾ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി രാഹുൽഗാന്ധിയെ ഇ ഡി ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അതിന് ശേഷം ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്നത്തെ ചോദ്യം ചെയ്യൽ തിങ്കളാഴ്ചയിലേക്ക് മാറ്റണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇത് ഇ ഡി അംഗീകരിച്ചു.
രാഹുൽഗാന്ധിയെ തുടർച്ചയായി ചോദ്യം ചെയ്യലിന്റെ പേരിൽ വിളിച്ചവരുത്തി അപമാനിക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിക്കുന്ന കോൺഗ്രസ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരെ പൊലീസ് നേരിട്ടത് ഏകപക്ഷീയമായിട്ടാണെന്ന് ആക്ഷേപവും ശക്തമാണ്. എം പി മാരുൾപ്പെടെയുള്ള ജനപ്രതിനിധികളെ വഴിയിൽ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ സോണിയാഗാന്ധിക്കും ഇ ഡി നോട്ടീസ് നൽകിയിരുന്നു. കോവിഡ് ബാധിച്ചതിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ആയതിനാലാണ് സോണിയാഗാന്ധി ചോദ്യം ചെയ്യലിന് എത്താതിരുന്നത്. ചോദ്യം ചെയ്യൽ വരും ദിവസങ്ങളിലും തുടരും എന്നാണ് സൂചന. എം പിമാർ ഉൾപ്പെടെയുള്ളവരെ ഡൽഹി പൊലീസ് കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് എം പിമാർ രാജ്യസഭാ അധ്യക്ഷനും ലോക്സഭാ സ്പീക്കർക്കും പരാതി നൽകി.
പ്രതിഷേധ പരിപാടികളിൽ നിന്ന് പിന്നോട്ട് പോവേണ്ടതില്ല എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. കോൺഗ്രസിന്റെ മുഴുവൻ എം പിമാരോടും ഞായറാഴ്ച ഡൽഹിയിലെത്താൻ കോൺഗ്ര്സ ആവശ്യപ്പെട്ടിട്ടുണ്ട്. എം പിമാരെ വീട്ടു തടങ്കലിൽ ആക്കിയാൽ വീടിന് മുന്നിൽ പ്രതിഷേധിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
Content Highlights : Congress leaders want meet President of India on ED Rahul Issue