കൂളിമാട് പാലം തകർന്ന സംഭവം; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ നിർമാണ കമ്പനിക്ക് താക്കീത്
കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നതിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകി മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാണ് നടപടിയെടുക്കേണ്ടത്. എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കെതിരെയുമാണ് നടപടിക്ക് ശിപാർശ ചെയ്തത്. പാലം പണിയിൽ വേണ്ടത്ര മുൻകരുതൽ കാണിച്ചില്ലെന്ന് കാണിച്ചാണ് നടപടി. നിർമാണ പ്രവൃത്തി നടത്തിയ ഊരാളുങ്കൽ സൊസൈറ്റിക് താക്കീത് നൽകും.
പാലം തകർന്നതിനെ തുടർന്നുണ്ടായ നഷ്ടം നിർമാണക്കമ്പനി വഹിക്കണമെന്നും അധികൃതർ പറയുന്നു. അപകടത്തിന്റെ കാരണം യന്ത്രത്തകരാറാണെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലുള്ളത്.റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കൈമാറി.
പാലം തകർന്നതിനെ കുറിച്ചുള്ള പൊതുമരാമത്ത് വിജിലൻസ് വിഭാഗം റിപ്പോർട്ട് നേരത്തെ മന്ത്രി തള്ളിയിരുന്നു. റിപ്പോർട്ട് ഭാഗികമാണ് തകർച്ചയുടെ കാരണം പറയുന്നില്ലെന്നും കാണിച്ചാണ് മന്ത്രി റിപ്പോർട്ട് തള്ളിയത്. കരാർ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും വീഴ്ചപറ്റിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണോ മറ്റെന്തെങ്കിലും പ്രശ്നമാണോ കാരണമെന്ന് വ്യക്തമാകുന്നില്ലെന്ന് പറഞ്ഞാണ് മന്ത്രി റിപ്പോർട്ട് തള്ളി.
കരാർ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും ഒരു പോലെ വീഴ്ച പറ്റിയെന്നാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. സംഭവ സമയത്ത് പദ്ധതിയുടെ ചുമതലയുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും അസിസ്റ്റന്റ് എഞ്ചിനീയറും സ്ഥലത്തുണ്ടായിരുന്നില്ല. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ജീവക്കാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ബീം തകർന്ന് വീണത് നിർമാണത്തിലെ പാളിച്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Koolimad Bridge Collapse PWD report