ഡോക്ടര്‍ ഏതു ദിവസം ഉണ്ടാകുമെന്ന ചോദ്യത്തിന് ലീവില്ലാത്ത ദിവസമെന്ന് മറുപടി; ആശുപത്രി ജീവനക്കാരിയെ പിരിച്ചുവിട്ടു
എല്ലു രോഗ വിഭാഗത്തിലെ ഡോക്ടര്‍ ഉണ്ടോയെന്നറിയാന്‍ ആശുപത്രിയിലേക്ക് വിളിച്ചയാളോട് അപമര്യാദയായി മറുപടി പറഞ്ഞ ജീവനക്കാരിയെ പിരിച്ചുവിട്ടു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. നിരുത്തരവാദപരമായി പെരുമാറിയെന്ന് കാട്ടി താല്‍ക്കാലിക ജീവനക്കാരിയെയാണ് ജോലിയില്‍ നിന്ന് നീക്കിയത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശം അനുസരിച്ചാണ് നടപടി.
കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ എന്നൊക്കെയുണ്ടാകുമെന്ന് അറിയാന്‍ ആശുപത്രിയിലേക്ക് ഒരു സ്ത്രീ വിളിച്ചത്. ഡോക്ടര്‍ അവധിയിലില്ലാത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ജീവനക്കാരി മറുപടി നല്കി. ചോദ്യം ആവര്‍ത്തിച്ചപ്പോളും ഇതേ മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് ഈ ഫോണ്‍കോളിന്റെ ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതില്‍ ഡിഎംഒ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി ജീവനക്കാരിയെ പിരിച്ചു വിടാന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഫോണ്‍ വിളിച്ച സ്ത്രീ ഇതേ കാര്യം ചോദിച്ച് രണ്ടു തവണ മുന്‍പ് വിളിച്ചിരുന്നുവെന്നും അപ്പോളൊക്കെ കൃത്യമായി മറുപടി നല്‍കിയിരുന്നുവെന്നും ജീവനക്കാരി വിശദീകരിച്ചു. വീണ്ടും വിളിച്ചപ്പോളാണ് താന്‍ ഈ രീതിയില്‍ പ്രതികരിച്ചതെന്നാണ് വിശദീകരണം.
Content Highlights: Hospital, Koyilandy, Employee, Sacked