‘അഗ്നിപഥ്’ പ്രതിഷേധം ശക്തം; ബിഹാറിൽ ബന്ദ് ; ഉപമുഖ്യമന്ത്രിയുടെയും ബി ജെ പി അധ്യക്ഷന്റെയും വീടുകൾ തകർത്തു. 12 ജില്ലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു
സൈന്യത്തിലേക്കുള്ള നിയമനം കരാർവത്കരിക്കുന്ന കേന്ദ്ര സർക്കാറിന്റെ പുതിയ പദ്ധതി അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. യു പി, ബിഹാർ , തെലങ്കാന, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർ ട്രെയിനുകൾക്ക് തീയിട്ടു.രാജ്യത്തെ മുന്നൂറിലധികം സർവീസുകളെ പ്രതിഷേധം സാരമായി ബാധിച്ചു. പല സ്ഥലത്തും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ചിലയിടത്ത് വെടിവെപ്പും മറ്റു ചില സ്ഥലങ്ങളിൽ ലാത്തിച്ചാർജും ഉണ്ടായി.
ബിഹാറിൽ വിദ്യാർഥി സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പ്രശ്നം സങ്കീർണമായ 12 ജില്ലകളിൽ ഇന്റർനെറ്റ് ബന്ധം പൂർണമായും വിച്ഛേദിച്ചു. ഞായറാഴ്ച വരെ ഇതേസ്ഥിതി തുടരുമെന്നാണ് അറിയുന്നത്. രാജ്യത്തെമ്പാടുമായി 316 ട്രെയിനുകളാണ് റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തത്. ബിഹാറിൽ പ്രതിഷേധക്കാർ ഉപമുഖ്യമന്ത്രിയുടെയും ബി ജെ പി അധ്യക്ഷന്റെയും വീടുകൾ തകർത്തു. പ്രക്ഷോഭകാരികൾ ഗൂഢ ലക്ഷ്യത്തോടെ വന്നവരാണെന്നും ആക്രമണം മാത്രമാണ് അവരുടെ ലക്ഷ്യമെന്നും ബി ജെ പി അധ്യക്ഷൻ സഞ്ജയ്ജയ്സ്വാൾ കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ എല്ലാ ഭാഗത്തും അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമാണ്. പക്ഷേ പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന വാശിയിലാണ് കേന്ദ്രസർക്കാർ. തെലങ്കാനയിൽ ട്രെയിനുകൾക്ക് തീയിട്ടതോടെ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുകയാണ്. കേന്ദ്രത്തിന്റെ തെറ്റായ നയമാണ് ഈ പ്രതിഷേധങ്ങൾക്ക് കാരണമെന്ന് പറഞ്ഞ് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമായിട്ടും ഇക്കാര്യം പാർലമെന്റിൽ പോലും ചർച്ച ചെയ്തിട്ടില്ല എന്നതാണ് പ്രധാനമായും പ്രതിപക്ഷം ഉന്നയിക്കുന്ന വിയോജിപ്പ്.
പലസ്ഥലത്തും പ്രതിഷേധത്തിന് പല മാനങ്ങളാണ് തെരുവിൽ പ്രതിഷേധിക്കുന്നവർ ഒരു ഭാഗത്ത് ട്രെയിൻ തടഞ്ഞും ട്രെയിനിന് തീയിട്ടും പ്രതിഷേധിക്കുന്നവർ മറ്റൊരു ഭാഗത്ത് ബസ്സും മറ്റ് ഗതാഗത മാർഗങ്ങളും തീയിട്ടും തടഞ്ഞും പ്രതിഷേധിക്കുന്നവർ, ദേശീയ പാതകൾ പൂർണമായും അടച്ചിട്ട് പ്രതിഷേധിക്കുന്നവർ.. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്. ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളും ഈ തീരുമാനത്തോട് നിലവിൽ യോജിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
സൈന്യത്തെ യുവത്വവത്കരിക്കുക എന്ന് പരസ്യമായി പറയുമ്പോഴും ഇതിന് പിന്നിലെ അജണ്ടകൾ പലതാണെന്നാണ് വിദഗ്ധർ പറയുന്നത്.പദ്ധതി നടപ്പിലാക്കുന്നതിൽ എൻ ഡി എക്ക് അകത്ത് തന്നെ വിയോജിപ്പുകളുണ്ട്. ബിഹാറിൽ പ്രഖ്യാപിച്ച ബന്ദിന് എൻ ഡി എ സഖ്യകക്ഷിയായ ഹിന്ദുസ്ഥാൻ അവാമി മോർച്ച പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിനൊപ്പമാണെങ്കിലും യുവാക്കളുടെ വികാരം കാണാതിരിക്കാനാവില്ലെന്നാണ് എച്ച് എ എം നേതാവ് ജിതിൻ റാം മാഞ്ചി പറയുന്നത്.
പ്രതിഷേധങ്ങളെ വകവെക്കാത്ത കേന്ദ്രസർക്കാർ അഗ്നിപഥ് വഴി റിക്രൂട്ട്മെ്ന്റഅ നടത്താനുള്ള ആദ്യഘട്ട നടപടികൾ പൂർത്തീകരിച്ച് മുന്നോട്ട് പോവുകയാണ് വ്യോമസേന. പദ്ധതിയെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അത്തരം കാര്യങ്ങളിൽ സംസ്ഥാനവും കേന്ദ്രവും ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: Agnipath Protest Bihar North India