അഗ്നിപഥിൽ പ്രതിഷേധം ആളുന്നു; ബിഹാറിൽ ഇന്ന് ബന്ദ്; നിതീഷ് കുമാറിൻ്റെ മൗനം ശ്രദ്ധേയം
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനികസേവനപദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ ഒന്ന് ബിഹാറിൽ ബന്ദ്. പ്രതിപക്ഷ യുവജന വിദ്യാർത്ഥി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ബന്ദ് പ്രഖ്യാപിച്ചത്.
അതേസമയം, ബിജെപി സഖ്യം ഭരിക്കുന്ന ബിഹാറിൽ കേന്ദ്രസർക്കാരിനെതിരായ അക്രമാസക്തമായ സമരം അരങ്ങേറുമ്പോൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിഷയത്തിൽ മൗനം തുടരുകയാണ്. നിതീഷ് കുമാറിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽപ്പോലും ഇതുവരെ ഒരു പ്രതികരണം ഉണ്ടായിട്ടില്ല.
ബിഹാറിൽ ഇന്നലെ തുടർച്ചയായ മൂന്നാം ദിവസവും കലാപസമാനമായ സാഹചര്യമായിരുന്നു. ലഖിസരായ്, അറ, ബുക്സർ, ബിഹ്ത, മുസാഫർപൂർ, പൂർണിയ എന്നിങ്ങനെ നിരവധി സ്ഥലങ്ങളിൽ സമരക്കാർ റെയിൽവേ സ്റ്റേഷനുകൾ ആക്രമിക്കുകയും തെരുവുകളിൽ കലാപം അഴിച്ചുവിടുകയും ചെയ്തു. ലഖിസരായിലും സമസ്തിപ്പൂരിലുമയി മൂന്ന് തീവണ്ടികളുടെ ബോഗികൾ പ്രതിഷേധക്കാർ കത്തിച്ചു. പലസ്ഥലങ്ങളിലും തീവണ്ടികളുടെ ജനാലച്ചില്ലുകൾ അക്രമികൾ തകർത്തു.
ഇരുപത്തഞ്ചോളം തീവണ്ടികൾ സ്റ്റേഷനുകളിൽ മണിക്കൂറുകളോളം നിർത്തിയിടേണ്ടി വരികയും മുപ്പതോളം പാസഞ്ചർ തീവണ്ടികൾ റദ്ദാക്കേണ്ടിവരികയും ചെയ്തതായി ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു. അൻപതോളം തീവണ്ടികൾ ഗതിതിരിച്ചുവിടേണ്ടതായും വന്നു.
ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ രേണു ദേവിയുടെ ബെത്തിയായിലുള്ള വീട് അക്രമികൾ അടിച്ചുതകർത്തു. ലഖിസരായിലെ ബിജെപി ഓഫീസും തകർക്കപ്പെട്ടു. അർവാലിൽ ദേശീയപാത 139ഉം ബെഗുസരായിൽ ദേശീയപാത 727ഉം വിദ്യാർത്ഥികൾ ഉപരോധിച്ചു. ഔറംഗാബാദിൽ ഗ്രാൻ്റ് ട്രങ്ക് റോഡാണ് ഉപരോധിക്കപ്പെട്ടത്. ദൗഡ്നഗറിൽ നിരവധി സ്കൂൾ ബസുകൾ കത്തിച്ച അക്രമകാരികൾ തീയണയ്ക്കാനെത്തിയ ഫയർ എഞ്ചിനും കത്തിച്ചു.
ബിഹാർ അടക്കം സംഘർഷം പടർന്ന സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശമാണ് നിലവിലുള്ളത്. സംഘർഷങ്ങൾക്ക് നടുവിലും അഗ്നിപഥുമായി മുന്നോട്ടുപോകാനാണ് കേന്ദ്രസർക്കാരിൻ്റെ തീരുമാനം.