ജോ ജോസഫിൻ്റെ വ്യാജ വീഡിയോയ്ക്ക് പിന്നിൽ വിഡി സതീശനും ക്രൈം നന്ദകുമാറും; നന്ദകുമാർ കോൺഗ്രസിൻ്റെ ആരാധ്യനെന്നും ഇപി ജയരാജൻ
തൃക്കാക്കരയിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന ജോ ജോസഫിൻ്റെ പേരിൽ വ്യാജ അശ്ലീല വിഡിയോ വ്യാജ വിഡിയോ നിർമ്മിച്ചത് ക്രൈം നന്ദകുമാറും വിഡി സതീശനുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇക്കാര്യം അന്വേഷിക്കണം. ക്രൈം നന്ദകുമാർ കോൺഗ്രസിന്റെ ആരാധ്യനാണെന്നും ജയരാജൻ ആരോപിച്ചു.
കോൺഗ്രസ് ഓഫീസിൽ ഇന്ദിരാ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ഫോട്ടോയ്ക്ക് പകരം സ്വപ്ന സുരേഷിൻ്റെ ഫോട്ടോയാണെന്ന് ജയരാജൻ ആരോപിച്ചു. ഒരു തെളിവുമില്ലെന്ന് പറഞ്ഞ് സിബിഐയും എൻഐഎയും ഒഴിവാക്കിയ കേസാണിത്. യൂത്ത് കോൺഗ്രസുകാർ വിമാനത്തിൽ കയറിയത് മുഖ്യമന്ത്രിയെ ആക്രമിക്കാനാണെന്നും പിടിക്കപ്പെട്ടപ്പോൾ “എൻ്റെ കുട്ടികൾ” എന്ന് കെ സുധാകരൻ പറഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. കെ സുധാകരനെയും വി ഡി സതീശനെയും ചോദ്യം ചെയ്യണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
കോൺഗ്രസിലെ ഒരു വിഭാഗം വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. ലീഗും യുഡിഎഫിലെ മറ്റ് കക്ഷികളും ഇതിനൊപ്പമുണ്ടെന്ന് കരുതുന്നില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. ലോകകേരള സഭ, ലോക മലയാളികളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. മൂന്നാം സഭയിൽ സഹകരിക്കുമെന്നാണ് ആദ്യം പ്രതിപക്ഷ നേതാവ് പറഞ്ഞത്. പിന്നീട് ബഹിഷ്കരിച്ചു. എന്നാൽ കോൺഗ്രസ് നിലപാടിനോട് യോജിപ്പില്ലെന്ന് മുസ്ലീം ലീഗ് നേതാക്കൾ പറഞ്ഞു. പ്രവാസികളുടെ താത്പര്യങ്ങൾ ഇല്ലാതാക്കാൻ കോൺഗ്രസ് ശ്രമിച്ചെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.